
ചിക്കാഗോ: ചിക്കാഗോയിൽ ഗർഭിണിയായ ഭാര്യ മീരയെ ഭർത്താവ് അമൽ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൻ്റെ പൊലീസ് റിപ്പോർട്ട് പുറത്തുവന്നു. ഡെസ് പ്ലെയിൻസ് പൊലീസ് ഇറക്കിയ വാർത്താകുറിപ്പിലാണ് സംഭവത്തെ കുറിച്ച് വിവരിക്കുന്നത്. സംഭവം നടന്ന ഉടൻ തന്നെ കോട്ടയം ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശി അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അമൽ റെജിക്കെതിരെ കൊലപാതകശ്രമം, നരഹത്യ എന്നിങ്ങനെ രണ്ട് കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥ ശിശു മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അമൽ റെജിക്കെതിരെ നരഹത്യയ്ക്ക് കേസ് എടുത്തത്.
വൈകുന്നേരം 7.30ഓടെയാണ് താനും ഭാര്യയും സാമ്പത്തിക കാര്യങ്ങളുടെ പേരിൽ തർക്കം തുടങ്ങിയതെന്നും ആ സമയത്ത് തങ്ങൾ സൗത്ത് ലെസ്‌ലി ലെയ്‌നിലെ 1200 ബ്ലോക്കിലുള്ള വീട്ടിലായിരുന്നുവെന്നും അമൽ റെജി പൊലീസിനോട് പറഞ്ഞു. മറ്റ് കുടുംബാംഗങ്ങൾ വീടിനുള്ളിൽ ഉണ്ടായിരുന്നതിനാൽ, ദമ്പതികൾ അവരുടെ സിൽവർ ഹോണ്ട ഒഡീസിയിൽ കയറി താമസസ്ഥലത്തു നിന്നും പോയി. അവിടെ അൽഗോൻഗ്വിൻ റോഡിൽ കിഴക്കോട്ട് വാഹനമോടിക്കുന്നതിനിടെയും തർക്കം തുടർന്നു.

മൌണ്ട് പ്രോസ്‌പെക്‌ട് റോഡിലെ ഇന്റർസെക്‌ഷനു സമീപമെത്തിയപ്പോൾ, അമൽ റെജി ഒരു തോക്ക് പുറത്തെടുത്ത് വാഹനത്തിന്റെ പിന്നിലിരുന്ന 30 കാരിയായ മീര ഏബ്രഹാമിനെ പലതവണ വെടിവച്ചു. ഇയാൾ പിന്നീട് 567 വെസ്റ്റ് അൽഗോൺക്വിൻ റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് സാഖറി പള്ളിയുടെ പാർക്കിംഗ് സ്ഥലത്തേക്ക് പോയി. അവിടെ കണ്ടയാളോട് 911-ൽ വിളിക്കാൻ ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ റിയർ വിൻഡോ തകർന്ന ഒരു സിൽവർ നിറമുള്ള ഹോണ്ട ഒഡീസി കാർ അവിടെ കണ്ടു. സമീപം അമൽ റെജിയെ പൊലീസ് കണ്ടു. താനും ഭാര്യയും തമ്മിൽ തർക്കമുണ്ടായതായും താൻ തോക്കെടുത്ത് ഭാര്യയെ വെടിവച്ചതായും തോക്ക് വാഹനത്തിനകത്തുണ്ടെന്നും അമൽ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് മീരയെ വാഹനത്തിനകത്ത് ഗുരുതരമായ പരുക്കുകളോടെ പൊലീസ് കണ്ടെത്തിയത്. അവിടെ വച്ചു തന്നെ പൊലീസ് ഓഫിസർമാർ മീരയ്ക്ക് അടിയന്തര വൈദ്യസഹായം നൽകി.
മീരയെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് 14 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചത്. മീര തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.വാഹനത്തിൽനിന്ന് തിരകളുള്ള ഗ്ലോക് 9 എംഎം കൈത്തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അമൽ റെജിയെ കസ്റ്റഡിയിലെടുത്ത് ഡെസ് പ്ലെയിൻസ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി.















