
ബെംഗളൂരു: കേരളത്തിലെ മുൻനിര ആശുപത്രി ശൃംഖലയായ കിംസ് ഹെൽത്ത്കെയർ മാനേജ്മെന്റ് ലിമിറ്റഡിന്റെ (KHML) 75 ശതമാനം ഓഹരികൾ അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക്സ്റ്റോൺ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. കിംസ് ആശുപത്രിക്ക് 4,000 കോടിയുടെ മൂല്യമുണ്ടെന്ന് വിലയിരുത്തിയാണ് ബ്ലാക്ക്സ്റ്റോൺ ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ നിക്ഷേപകരായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ട്രൂ നോർത്തിന്റെ കൈവശമുള്ള 55 ശതമാനം ഓഹരികളും ചെറുകിട നിക്ഷേപകരുടെ പക്കലുള്ള 20 ശതമാനം ഓഹരികളും ഏറ്റെടുക്കാനാണ് ബ്ലാക്ക്സ്റ്റോൺ ശ്രമിക്കുന്നതെന്നാണ് വിവരം.
സെപ്റ്റംബർ പകുതിയോടെ ഏറ്റെടുക്കൽ കരാർ ഇരുകൂട്ടരും ഒപ്പിട്ടേക്കും. അതേസമയം സ്ഥാപകനായ ഡോ. എംഐ സഹദുള്ളയുടെ നേതൃത്വത്തിലുള്ള ആശുപത്രിയുടെ മാനേജ്മെന്റ് തുടർന്നേക്കും. സഹദുള്ളയ്ക്കും കുടുംബത്തിനുമായി കിംസ് ഹെൽത്ത്കെയറിൽ 25 ശതമാനം ഓഹരികളാണുള്ളത്.
നേരത്തെ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസും കിംസ് ആശുപത്രി ഏറ്റെടുക്കുന്നതിന് ശക്തമായി രംഗത്തുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ കിംസ് ഹെൽത്ത്കെയറിന്റെ 90 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ മണിപ്പാൽ ശ്രമിച്ചിരുന്നു.
ട്രൂ നോർത്തിന്റെയും ചെറുകിട നിക്ഷേപകരുടെയും കൂടാതെ ഡോ. സഹദുള്ളയുടെ കൈവശമുള്ള 15 ശതമാനം ഓഹരികളും കൂട്ടിച്ചേർത്ത് ഏറ്റെടുക്കാനായിരുന്നു മണിപ്പാൽ ശ്രമിച്ചത്.
ഇവരെ കൂടാതെ മാക്സ് ഹെൽത്ത്കെയർ, ടെമസെക്കിന്റെ കീഴിലുള്ള ഷിയേർസ് ഹെൽത്ത്കെയർ, ആഗോള നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ സിവിസി ക്യാപിറ്റൽ എന്നിങ്ങനെ അരഡസനോളം ശക്തരായ നിക്ഷേപകർ കിംസ് ആശുപത്രിയുടെ ഓഹരി വാങ്ങുന്നതിനായുള്ള പ്രാരംഭ ചർച്ചകളിൽ പങ്കെടുത്തിരുന്നു.
65 മുതൽ 70 ശതമാനം വരെ ഓഹരികൾ ഏറ്റെടുക്കാനായിരുന്നു നീക്കം. ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലെ ചർച്ചകൾക്കു ശേഷവും മറ്റുള്ളവരെ പിന്തള്ളിയുമാണ് ബ്ലാക്ക്സ്റ്റോൺ കരാർ ഒപ്പിടുന്നതിലേക്ക് എത്തിച്ചേർന്നത്.