
വാഷിങ്ടൺ: പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ നിലപാട് സ്വീകരിച്ച് ഗാസ മുനമ്പിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ഏറ്റവും വലിയ യുഎസ് യൂണിയനായി അമേരിക്കൻ പോസ്റ്റൽ വർക്കേഴ്സ് യൂണിയൻ.
200,000-ലധികം യുഎസ് പോസ്റ്റൽ സർവീസ് ജീവനക്കാരെയും സ്വകാര്യ മേഖലയിലെ 2,000-ത്തോളം തപാൽ ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന APWU- യുടെ നേതാക്കൾ തങ്ങളുടെ യൂണിയൻ “ഇസ്രായേലിലും പലസ്തീനിലും നടക്കുന്ന ദാരുണ സംഭവങ്ങളിലും അക്രമങ്ങളിലും ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞു.
“സമത്വം, സാമൂഹിക നീതി, മനുഷ്യ-തൊഴിൽ അവകാശങ്ങൾ, അന്താരാഷ്ട്ര ഐക്യദാർഢ്യം എന്നിവയ്ക്കായി നിലകൊള്ളുന്ന ഒരു യൂണിയൻ എന്ന നിലയിൽ, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളിൽ ഞങ്ങൾ ലോകമെമ്പാടുമുള്ള യൂണിയനുകളുമായും സുമനസ്സുകളുമായും ഐക്യപ്പെടുന്നു,” APWU പറഞ്ഞു. “1000-ലധികം സാധാരണക്കാരായ ഇസ്രായേലികളെ കൊല്ലുകയും 200-ലധികം ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്‌ടോബർ 7-ലെ ഹമാസ് അക്രമത്തെ ഞങ്ങൾ നിരുപാധികം അപലപിക്കുന്നു.”
“എന്നിരുന്നാലും, ഇസ്രായേലിന്റെ പ്രതികരണം സമാധാനത്തിനുള്ള സാധ്യതകളെ കൂടുതൽ വിദൂരമാക്കി,” യൂണിയൻ കൂട്ടിച്ചേർത്തു. “ഗാസയിലെ നിരന്തരമായ ബോംബാക്രമണത്തിൽ 4,000 കുട്ടികൾ ഉൾപ്പെടെ 10,000-ലധികം നിരപരാധികൾ കൊല്ലപ്പെട്ടു. ഗാസ മുനമ്പിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ വരവ് ഇസ്രായേൽ അടച്ചുപൂട്ടി. അതൊരു യുദ്ധക്കുറ്റമാണ്. ഗാസയിൽ മാനുഷിക ദുരന്തം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാർ മരിക്കുന്നു.”