ഓടുന്ന സർക്കാരിന് ഒരു മുഴം മുമ്പേ; ബ്ലൂ ഡാർട്ട് ഇനി ‘ഭാരത് ഡാർട്ട്’

ന്യൂഡൽഹി: കൊറിയര്‍ കമ്പനിയായ ബ്ലൂ ഡാര്‍ട്ട് തങ്ങളുടെ പ്രീമിയം സേവന വിഭാഗത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ ഓഹരികളില്‍ വന്‍ കുതിപ്പ്. ഡാര്‍ട്ട് പ്ലാസിന്റെ പേര് ‘ഭാരത് ഡാര്‍ട്ട്’ എന്നാക്കിയാണ് ബ്ലൂ ഡാര്‍ട്ട് റീബ്രാന്‍ഡ് ചെയ്തിരിക്കുന്നത്.

രാജ്യം മുഴുവന്‍ സേവനം നല്‍കുന്ന കമ്പനിയെന്ന നിലയില്‍ റീബ്രാന്‍ഡിംഗ് കമ്പനിയെ സംബന്ധിച്ച് ആവേശകരമായ പരിവര്‍ത്തനമാണെന്നും ‘ഭാരത് ഡാര്‍ട്ട്’ എന്ന പേര് വരാനിരിക്കുന്ന പുതിയ അദ്ധ്യായങ്ങളുടെ തുടക്കമാണെന്നും ബ്ലൂ ഡാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ബാലര്‍ഫോര്‍ മാനുവല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യ ആതിഥ്യമരുളിയ ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പേര് മാറ്റം പ്രഖ്യാപിച്ച് ബ്ലൂ ഡാര്‍ട്ട് രംഗത്ത് എത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബ്ലൂ ഡാര്‍ട്ട് ഓഹരികളില്‍ പത്തു ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് ബ്ലൂ ഡാര്‍ട്ടിന്റെ ഒരു ഓഹരിക്ക് 6264 രൂപയായിരുന്നു വില. ഇന്ന് ഉച്ചയ്ക്ക് 12ന് അത് 6876 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ നിക്ഷേപകര്‍ക്ക് ലക്ഷങ്ങളുടെ ലാഭമാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ് അഞ്ച് വ്യാപാര ദിനങ്ങളായി 8.7 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തിയ ബ്ലൂ ഡാര്‍ട്ട് ഓഹരി ഇന്നലെ മാത്രം രണ്ട് ശതമാനത്തിനു മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും ഓഹരി വിപണിയില്‍ ബ്ലൂ ഡാര്‍ട്ട് ഓഹരികള്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഒരു ശതമാനത്തിലധികം വര്‍ദ്ധനവാണ് വിപണി തുറന്നപ്പോള്‍ തന്നെ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഒരു ആഴ്ചക്കിടെ ഓഹരിയുടെ നേട്ടം 10.13 ശതമാനമാണ്. 16.07 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് ബ്ലൂ ഡാര്‍ട്ട്. കാര്‍ഗോ എയര്‍ലൈന്‍, ബ്ലൂ ഡാര്‍ട്ട് ഏവിയേഷന്‍ എന്നിവ ഉപകമ്പനികളാണ്. അമേരിക്കന്‍ ലൊജിസ്റ്റിക് കമ്പനിയായ ഡി.എച്ച്.എല്‍ ആണ് മാതൃകമ്പനി.

More Stories from this section

family-dental
witywide