അന്വേഷണത്തിലെ ആദ്യ വഴിത്തിരിവ്; കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ നഴ്സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയും

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ നഴ്സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയും ഉണ്ടായിരുന്നതായി സൂചന. കൂട്ടത്തിലുള്ള ഒരു യുവതി നഴ്സിങ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇവര്‍ നഴ്സിങ് കെയര്‍ടേക്കര്‍ ആണെന്നുമാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. നഴ്സിങ് തട്ടിപ്പിന്റെ വിരോധം തീര്‍ക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. കേസന്വേഷണത്തിന്റെ തുടക്കം മുതലേ സാമ്പത്തിക തട്ടിപ്പ്, നഴ്സിങ് മേഖലയിലെ റിക്രൂട്ട്മെന്റുകള്‍ തുടങ്ങിയവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

തട്ടിക്കൊണ്ടുപോകപ്പെട്ട ആറുവയസ്സുകാരി അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇതില്‍ ഒരാളാണ് നഴ്സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. അതേസമയം കുട്ടിയുടെ അച്ഛന്‍ റെജിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. നേരത്തെ പത്തനംതിട്ടയില്‍ റെജി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാ ഫലവും പൊലീസിന് ഇന്ന് ലഭിച്ചേക്കും.

കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഒരു കാര്യവും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

More Stories from this section

family-dental
witywide