ഇത് റെക്കോര്‍ഡ്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിയിലൊരുങ്ങുന്നത് 80 അടി ഉയരമുള്ള പാപ്പാഞ്ഞി

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിയിലൊരുങ്ങുന്നത് 80 അടി ഉയരമുള്ള പാപ്പാഞ്ഞി. കഴിഞ്ഞ വര്‍ഷം കത്തിച്ച പാപ്പാഞ്ഞിക്ക് 65 അടിയായിരുന്നു ഉയരം. വലുപ്പം കൊണ്ട് റെക്കോര്‍ഡിട്ട പാപ്പാഞ്ഞിയാണ് ഇക്കൊല്ലം അഗ്നി കാത്തിരിക്കുന്നത്. 1800 കിലോ ഇരുമ്പ് ഫ്രെയിമിലാണ് പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നടത്തുന്നത്. 15ഓളം തൊഴിലാളികളുടെ മൂന്നാഴ്ചയോളം നീണ്ട പരിശ്രമമാണ് കത്തിയമരാന്‍ കാത്തിരിക്കുന്ന പാപ്പാഞ്ഞി.

കഴിഞ്ഞ ആറ് വര്‍ഷമായി പപ്പാഞ്ഞിയെ നിര്‍മ്മിച്ച് പരിചയമുള്ള ബോള്‍ഗാട്ടിക്കാരന്‍ ഗോഡ്‌സണിന്റെ ഉടമസ്ഥതയിലുള്ള ‘ഗോഡ്‌സണ്‍ എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സിനാണ് പാപ്പാഞ്ഞിയുടെ നിര്‍മ്മാണ ചുമതല.

കഴിഞ്ഞ വര്‍ഷത്തെ പാപ്പാഞ്ഞിക്ക് ‘മോദിയുടെ മുഖച്ഛായയുണ്ടെന്ന് പറഞ്ഞ് വലിയ വിവാദമായിരുന്നു ഉയര്‍ന്നു വന്നത്. ആ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി പാപ്പാഞ്ഞിയുടെ ഡിസൈനില്‍ പ്രകടമായ വ്യത്യാസങ്ങളാണ് ഒരുക്കിയത്. എഴുത്തുകാരനും ആര്‍ട്ടിസ്റ്റുമായ ബോണി തോമസ് വരച്ച ‘പൂക്കളേന്തിയ പോര്‍ച്ചുഗിസ് അപ്പൂപ്പന്‍’ ആണ് ഇപ്രാവശ്യത്തെ പപ്പാഞ്ഞിയുടെ തീം.

ക്രിസ്തുമസിനപ്പുറം പുതുവര്‍ഷത്തിന് കത്തിക്കുന്ന പാപ്പാഞ്ഞിക്ക് പക്ഷേ ക്രിസ്തുമസുമായോ മതപരമായോ യാതൊരു ബന്ധവുമില്ല. പാപ്പാഞ്ഞിയെന്നാല്‍ ക്രിസ്തുമസ് അപ്പൂപ്പനാണെന്നാണ് പലരും തെറ്റിധരിക്കാറുള്ളത്. എന്നാല്‍ സാന്താക്ലോസുമായി യാതൊരു ബന്ധവും ഇതിനില്ല. പോര്‍ച്ചുഗീസ് ഭാഷയില്‍ പാപ്പാഞ്ഞിയെന്നാല്‍ മുത്തശ്ശന്‍ എന്നാണ് അര്‍ത്ഥം. സംഭവ ബഹുലമായ പോയ വര്‍ഷത്തെ പ്രതിനിധീകരിക്കുന്ന പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേല്‍ക്കുകയാണ് കൊച്ചിക്കാര്‍ ചെയ്യുന്നത്.