ഹൈദരാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. അദ്ദേഹത്തെ വിജയവാഡ മെട്രോപൊളിറ്റന്‍ മജസ്‌ട്രേറ്റ് കോടതി പതിനാലുദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജമുന്ദ്രി ജയിലിലേക്കാണ് ചന്ദ്രബാബു നായിഡുവിനെ അയയ്ക്കുക.
ചന്ദ്രബാബു നായിഡു ചോദ്യംചെയ്യലിനോട് സഹകരിക്കാന്‍ തയ്യാറായില്ലെന്നും പല ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്ന മറുപടി നല്‍കിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇരുഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
കനത്ത സുരക്ഷയിലാണ് ചന്ദ്രബാബു നായിഡുവിനെ ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയത്. സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാർഥ് ലൂത്രയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. ആന്ധ്രപ്രദേശ് നൈപുണ്യ വികസന കോർപറേഷൻ അഴിമതി കേസിൽ നായിഡുവിന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ കൃത്യമായി ലഭിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇതിൽ ഇടനിലക്കാരനായത് ചന്ദ്രബാബു നായിഡുവിന്റെ മകനായ ലോകേഷിന്റെ സുഹൃത്താണെന്നും പറയുന്നു. പണം ഒളിപ്പിച്ചത് എവിടെയാണെന്നറിയാൻ നായിഡുവിനെ വീണ്ടും 15 ദിവസം സി.ഐ.ഡി കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം.
എന്നാൽ, 2021 ഡിസംബറിൽ പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ ചന്ദ്രബാബു നായിഡുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രതികാരം പുലർത്തിയാണ് ഇപ്പോഴത്തെ അറസ്റ്റെന്നും സിദ്ധാർഥ് ലൂത്ര ആരോപിച്ചു. എന്നാൽ, വകുപ്പ് സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോൾ അഴിമതിയുടെ സൂത്രധാരൻ നായിഡുവാണെന്ന് തെളിഞ്ഞെന്നും അതുകൊണ്ടാണ് ഉടൻ അറസ്റ്റ് ചെയ്‌തതെന്നും സി.ഐ.ഡി കോടതിയിൽ വ്യക്തമാക്കി.
നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞ് കാരവനിൽ ഉറങ്ങുന്നതിനിടെ ശനിയാഴ്ചയാണ് ആന്ധ്ര പൊലീസിലെ സി.ഐ.ഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ആറിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയവാഡയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ടി.ഡി.പി പ്രവർത്തകരുടെ പ്രതിഷേധം തുടരുന്ന ആന്ധ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.