കോട്ടയം: പ്ളാസ്റ്റിക് സര്‍ജറിയെ കുറിച്ച് പഠിക്കുമ്പോള്‍ ഗണപതിയെ ഉദാഹരണമായി കാണരുതെന്ന സ്പീക്കര്‍ എ.എം.ഷംസീറിന്റെ പ്രസ്താവനയാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഗണപതി മിത്താണെന്ന് സ്പീക്കര്‍ പറഞ്ഞതും ആദ്യഘട്ടത്തില്‍ സിപിഎം നേതൃത്വത്തം അത് ഏറ്റുപറഞ്ഞതുമൊക്കെ വലിയ പുലിവാലായി. തെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷത്തിന് കിട്ടിയ നല്ലൊരു ആയുധമായി മിത്ത് വിവാദം. നാമജപ യാത്രയുമായി എന്‍.എസ്.എസും രംഗത്തിറങ്ങിയതോടെ അത് മിത്ത് വിവാദത്തെ കൊഴുപ്പിച്ചു.
പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ മിത്ത് വിവാദം വീണ്ടും ഉയര്‍ത്താനുള്ള ബിജെപി നീക്കമായിരുന്നു ആനില്‍ ആന്റണിയുടെ പ്രസ്താവന. ആരാധ്യനായ ഗണേഷ്ജിയെ സ്പീക്കര്‍ എ.എം.ഷംസീര്‍ അപമാനിച്ചുവെന്ന് അനില്‍ ആന്റണി പറഞ്ഞു. ബിജെപി ആരുടെയും വികാരം വൃണപ്പെടുത്താറില്ല. ഷംസീര്‍ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാന്‍ ഗണേഷ്ജിയെ അവഹേളിച്ചു. അത് കഴിഞ്ഞ് അതിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ അത്തരമൊരു പ്രസ്താവനയില്‍ അപലപിക്കുന്നതിന് പകരം പിന്തുണക്കുകയാണ് ചെയ്തത്.
ആരെയെങ്കിലും പ്രീണിപ്പിക്കാന്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ വൃണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല എന്നും അനില്‍ ആന്റണി പറഞ്ഞു. പുതുപ്പള്ളിയില്‍ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങും. നരേന്ദ്രമോദിയുടെ വീക്ഷണങ്ങള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.