
ന്യൂയോർക്ക്: റിയാലിറ്റി ടിവി താരം ജൂൺ ഷാനന്റെ (മാമ ജൂൺ) മൂത്ത മകൾ അന്ന ‘ചിക്കാക്ഡീ’ കാർഡ്‌വെൽ അന്തരിച്ചു. ശനിയാഴ്ചയായിരുന്നു മരണം. 29 വയസ്സായിരുന്നു. ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഷാനൺ മകളുടെ മരണവാർത്ത സ്ഥിരീകരിച്ചു.
“തകർന്ന ഹൃദയത്തോടെ, അന്ന ഇനി ഞങ്ങളോടൊപ്പമില്ലെന്ന് അറിയിക്കുന്നു.”
കഴിഞ്ഞ വർഷം അന്നയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അന്നയുടെ മരണത്തിന് ഒരു ദിവസം മുമ്പ്, ഷാനൻ ഇൻസ്റ്റാഗ്രാമിൽ പ്രാർഥിക്കണമെന്ന് അഭ്യർഥിച്ച് പോസ്റ്റിട്ടിരുന്നു.
കഴിഞ്ഞ പത്തുമാസമായി അന്ന ജീവിതത്തോടും മരണത്തോടും പോരാടുകയായിരുന്നു എന്നും കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ സമാധാനത്തോടെയായിരുന്നു അന്നയുടെ മരണമെന്നും കുറിപ്പിൽ പറയുന്നു.
‘ടോഡ്‌ലേഴ്‌സ് & ടിയാരാസ്’, ‘ഹിയർ കം ഹണി ബൂ ബൂ’ എന്നീ ചിത്രങ്ങളിൽ അന്ന കാർഡ്‌വെൽ അമ്മയ്ക്കും സഹോദരി അലന തോംസണുമൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.
കടുത്ത വയറുവേദനയെ തുടർന്നു നടത്തിയ പരിശോധനയിലാണ് അന്നയ്ക്ക് ശ്വാസകോശത്തിലും കരളിലും വൃക്കയിലും ക്യാൻസറായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. മാർച്ചിൽ അവളുടെ ആദ്യ ഘട്ട കീമോതെറാപ്പി നടത്തി.
2012-ൽ ജനിച്ച കെയ്റ്റ്ലിൻ എലിസബത്ത്, 2015-ൽ ജനിച്ച കൈലി മാഡിസൺ എന്നീ രണ്ട് പെൺമക്കളുടെ അമ്മയായിരുന്നു അന്ന കാർഡ്വെൽ.









