യുഎസ് സെക്രട്ടറിമാരായ ആൻ്റണി ബ്ലിങ്കനും ലോയിഡ് ഓസ്റ്റിനും നാളെ ഇന്ത്യയിൽ എത്തും

ന്യൂഡൽഹി: ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചകള്‍ക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘം നാളെ ഡല്‍ഹിയിലെത്തും. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഒപ്പമുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ എന്നിവരുമായി അമേരിക്കന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇസ്രയേല്‍-ഹമാസ് യുദ്ധം, റഷ്യ- യുക്രൈന്‍ യുദ്ധം അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ചകളുടെ പുരോഗതിയും യോഗം വിലയിരുത്തും.

പ്രതിരോധ മേഖലയിലെ സഹകരണം, സാങ്കേതികശൃംഖല സഹകരണം, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് മന്ത്രിതല ചര്‍ച്ചയില്‍ അവലോകനം നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ-യുഎസ് ചര്‍ച്ച നടക്കുന്നതെന്നത് പ്രസക്തമാണ്. ജീവകാരുണ്യ സഹായമെത്തിക്കാന്‍ ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസംഘടന പൊതുസഭയുടെ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണം പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിട്ടുനിന്നത്. ഇത് പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ കാലങ്ങളായി സ്വീകരിച്ചുവരുന്ന നിലപാടിന് വിരുദ്ധമായിരുന്നു.വാഷിങ്ടണില്‍വച്ചാണ് കഴിഞ്ഞവര്‍ഷം 2+2 ചര്‍ച്ച നടന്നത്. യുക്രൈന്‍ പ്രതിസന്ധിയായിരുന്നു അന്ന് പ്രധാന അജൻഡയായിരുന്നത്.

Antony Blinken and Llyod Austin To Arrive In New Delhi Tomorrow For 5th India-US 2+2 Ministerial Dialogue

More Stories from this section

family-dental
witywide