
ഹൈദരാബാദ്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാന കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുമുല രേവന്ത് റെഡ്ഡി സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ റെഡ്ഡിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശദ്ദം പ്രസാദ് കുമാര്‍ സ്പീക്കറായി ചുമതലയേല്‍ക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തം കുമാര്‍ റെഡ്ഡി, ശ്രീധര്‍ ബാബു, പൊന്നം പ്രഭാകര്‍, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദര്‍ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വര്‍ റാവു, കൊണ്ട സുരേഖ, ഝുപള്ളി കൃഷ്ണ റാവു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.