അൻവർ ഉൾ ഹഖ് കാക്കർ പാക്കിസ്ഥാന്റെ കാവൽ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പൊതു തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന പാകിസ്ഥാന്റെ കാവൽ പ്രധാനമന്ത്രിയായി സെനറ്റർ അൻവർ ഉൾ ഹഖ് കാക്കർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും നടത്തിയ ചർച്ചയ്‌ക്കുശേഷമാണ് പ്രഖ്യാപനം വന്നത്. ബലൂചിസ്ഥാൻ അവാമി പാർടി (ബിഎപി) അംഗമായ കക്കർ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ കാവൽ സർക്കാരിനെ നയിക്കും.

കാക്കറിനെ കാവൽ പ്രധാനമന്ത്രിയായി നിയമിക്കുന്നതിന് പ്രസിഡന്റ് ആരിഫ് അൽവി അംഗീകാരം നൽകി. അതേസമയം, ബ്രിട്ടനിൽ കഴിയുന്ന നവാസ്‌ ഷെരീഫ്‌ അടുത്ത സെപ്‌തംബറിൽ തിരിച്ചെത്തുമെന്ന്‌ ഷെഹബാസ്‌ ഷെരീഫ്‌ പറഞ്ഞു. പൊതുപദവി വഹിക്കുന്നതിന് ആജീവനാന്ത വിലക്ക് നേരിടുന്നതിനാല്‍ വീണ്ടും പൊതുമണ്ഡലത്തില്‍ സജീവമാകുമോയെന്ന് വ്യക്തമല്ല.

ഓഗസ്റ്റ് ഒമ്പതിനാണ് ഷഹബാസ് ഷരീഫിന്റെ നിർദേശപ്രകാരം പ്രസിഡന്റ് പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലി പിരിച്ചുവിട്ടത്. ഷഹബാസ് സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ മൂന്നുദിവസം ബാക്കിനിൽക്കെയായിരുന്നു ഇത്. കാവൽ പ്രധാനമന്ത്രിയെ തീരുമാനിക്കാൻ മൂന്ന് ദിവസത്തെ സമയവും നൽകി.

സർക്കാർ കാലാവധി പൂർത്തിയാക്കിയാൽ 60 ദിവസത്തിനുള്ളിലും അല്ലാത്തപക്ഷം 90 ദിവസത്തിനുള്ളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാൽ, നിലവിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതാവസ്ഥയിൽ തിരഞ്ഞെടുപ്പ് വൈകാനാണ് സാധ്യത. പാക് ഭരണഘടനയുടെ അനുച്ഛേദം 224(എ) പ്രകാരം നിലവിലെ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്നാണ് കാവൽസർക്കാരിനെ തീരുമാനിക്കേണ്ടത്.