വംശീയ പരാമർശത്തില്‍ ജഡ്ജിയുടെ ക്ഷമാപണം; കറുത്ത വർഗ്ഗക്കാരനെതിരായ ശിക്ഷാവിധി റദ്ദുചെയ്തു

ഡെറ്റ്‌റോയിറ്റ്: ലഹരിമരുന്ന് കേസിലെ പ്രതിയ്ക്കുനേരെ വംശീയ വിവേചനപരമായ പരാമർശങ്ങള്‍ നടത്തിയ ഡെറ്റ്‌റോയിറ്റ് ഫെഡറല്‍ കോടതി ജഡ്ജിയുടെ ശിക്ഷാവിധി റദ്ദുചെയ്ത് അപ്പീല്‍ കോടതി. കറുത്ത വർഗക്കാരനായ ലെറോൺ ലിഗ്ഗിസിനെതിരെ ചുമത്തിയ 10 വർഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി റദ്ദുചെയ്തത്. കേസില്‍ രണ്ടുവർഷം മുന്‍പ് നടന്ന വിചാരണക്കിടെയാണ് ജില്ലാ കോടതി ജഡ്ജി സ്റ്റീഫൻ മർഫി മൂന്നാമന്‍ ലിഗ്ഗിന്‍സിനെതിരെ വംശീയ പരാമർശം നടത്തിയത്.

‘ലിഗ്ഗിന്‍സിനെ കണ്ടാല്‍ തന്നെ കുറ്റവാളിയാണെന്ന് അറിയാം’ എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ന്യായമായ വിചാരണ നേരിടാനുള്ള ലിഗ്ഗിന്‍സിന്റെ അവകാശത്തെ ലംഘിക്കുന്നതാണ് ജഡ്ജിയുടെ പരാമർശമെന്ന് അപ്പീല്‍ കോടതി നിരീക്ഷിച്ചു. കേസില്‍ ലെറോണ്‍ ലിഗ്ഗിന്‍സിന് പുനർ വിചാരണയ്ക്ക് അനുമതി നല്‍കികൊണ്ട് മൂന്നംഗ പാനൽ ഏകകണ്ഠമായി പാനല്‍ ഉത്തരവിട്ടു.

മാരക ലഹരിമരുന്നായ ഹെറോയിന്‍ വില്‍പ്പനയ്ക്കായി കെെവശം വച്ചു എന്ന കുറ്റത്തിന് 2018ലും, 2019 ലുമായി രണ്ടുകേസുകളാണ് ലെറോൺ ലിഗ്ഗിൻസിനെതിരെയുള്ളത്. 2018-ലെ കേസില്‍ ഇതുവരെ വിചാരണ നടന്നിട്ടില്ല. 2019-ലെ കേസ് വിചാരണയ്ക്ക് എത്തിയപ്പോള്‍ ലിഗ്ഗിന്‍സ് കുറ്റസമ്മതം നടത്തുമെന്നായിരുന്നു സൂചന. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് പ്രതി കോടതിയില്‍ വാദിച്ചു. രണ്ടു തവണ അഭിഭാഷകനെ മാറ്റുകയും ചെയ്തു. ഈ നീക്കത്തില്‍ അതൃപ്തിയറിച്ചാണ് 2020 ജനുവരിയില്‍ നടന്ന വിചാരണയില്‍ ജഡ്ജിയായ സ്റ്റീഫൻ മർഫി ലിഗ്ഗിന്‍സിനെതിരെ വർഗ്ഗീയ പരാമർശം നടത്തിയത്.

സ്റ്റീഫൻ മർഫി III

ഈ കേസില്‍ വിചാരണ കേട്ട് തനിക്ക് മടുത്തെന്നും, ഇയാളെ കണ്ടാല്‍ തന്നെ പ്രതിയാണെന്ന് അറിയാമല്ലോ എന്നും സ്റ്റീഫൻ മർഫി പറഞ്ഞു. കുറ്റവാളികള്‍ ഇങ്ങനെയാണ്. ന്യായമായ വിചാരണ ആഗ്രഹിക്കുന്ന നിരപരാധികള്‍ ഇങ്ങനെയല്ല പെരുമാറുക എന്നും മർഫി പരാമർശിച്ചു.

അപ്പീല്‍ കോടതിയില്‍ വച്ച് രണ്ടുവർഷത്തിന് ഇപ്പുറം തന്റെ പരാർശത്തില്‍ മർഫി ക്ഷമാപണം നടത്തി. മറ്റേത് വ്യക്തിയെയും പോലെ കുറ്റം സമ്മതിക്കാനും, നിരപരാധിയാണെന്ന് വാദിക്കാനും ലിഗ്ഗിന്‍സിനും അവകാശമുണ്ടെന്നും മർഫി കോടതിക്ക് മുന്നില്‍ അംഗീകരിച്ചു. ആരോപണ വിധേയനോട് തനിക്ക് നീതി പുലർത്താമെന്നാണ് ഇപ്പോഴും കരുതുന്നതെന്നും കോടതിക്ക് മുന്നില്‍ സ്റ്റീഫന്‍ മർഫി അവകാശപ്പെട്ടു.

മർഫി തന്റെ പരാമർശത്തില്‍ വംശീയത ഉദ്ദേശിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഈ വാദം അംഗീകരിച്ചില്ല. കേസിന്റെ വിചാരണയില്‍ നിന്ന് ജഡ്ജി സ്വയം ഒഴിയണെന്നും കോടതി വിധിച്ചു. വംശീയ പരാമർശമല്ല ആരോപണവിധേയന്‍ നടത്തിയതെന്ന് സംശയത്തിന്റെ പരിഗണ നല്‍കി അംഗീകരിച്ചാല്‍ തന്നെ, മർഫിയുടെ പരാമർശം പക്ഷപാതപരവും, മുന്‍വിധിയോടെയുള്ളതുമാണെന്ന് കോടതി വ്യക്തമാക്കി.

More Stories from this section

family-dental
witywide