ചെന്നൈ: ബോളിവുഡിന് എക്കാലത്തെയും മികച്ച ഹിറ്റുകൾ സമ്മാനിച്ച എ.ആർ റഹ്മാൻ എന്തുകൊണ്ട് മുംബൈയിൽ സ്ഥിരതാമസമാക്കുന്നില്ല എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ആ ചോദ്യത്തിന് റഹ്മാൻ തന്നെ മറുപടി പറയുകയാണ്.
“1994 ൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വലിയ നിർമ്മാതാവ് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മാറിയാല്‍ മുംബൈയിലെ ബഞ്ചാര ഹിൽസിൽ ഒരു ബംഗ്ലാവ് നല്‍കാം എന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തെനോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ഉത്തരേന്ത്യയില്‍ എനിക്ക് പ്രാധാന്യം ലഭിച്ചപ്പോള്‍ സംവിധായകന്‍ സുഭാഷ് ഘായി എന്നോട് ഹിന്ദി പഠിക്കാൻ ആവശ്യപ്പെട്ടു. അവിടെയുള്ള ആളുകൾ എന്നെ സ്നേഹിക്കണമെങ്കില്‍ അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്നാൽ മുംബൈയിലെ അധോലോക മാഫിയ സംസ്‌കാരത്തിന്‍റെ കാലമായിരുന്നു, അതിനാൽ ഞാൻ അത് പരിഗണിച്ചില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാൻ കുറച്ചുകാലം ഇംഗ്ലണ്ടിൽ ജോലി ചെയ്തിരുന്നു. എന്നാല്‍ ഒപ്പം താമസിച്ച ഭാര്യ മൂന്ന് മാസത്തിനുള്ളില്‍ നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നെ, അമേരിക്കയിലേക്ക് പോയി എല്ലാവർക്കും ഇഷ്ടമായതിനാൽ ഞങ്ങൾ അവിടെ ഒരു വീട് പോലും വാങ്ങി. എന്നാൽ അധികം വൈകാതെ എല്ലാവരും ചെന്നൈയിലേക്ക് തന്നെ മടങ്ങി.”
ഹിന്ദിയില്‍ ഒരു കാലത്ത് തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്യുമ്പോഴും റഹ്മാന്‍ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നില്ല. അടുത്തകാലത്തായി ചെന്നൈയില്‍ സ്ഥിര താമസമാക്കിയ റഹ്മാന്‍ ഇപ്പോള്‍ കൂടുതലും തമിഴ് ചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റവും അവസാനമായി പൊന്നിയില്‍ സെല്‍വന്‍ 2 ആണ് റഹ്മാന്‍റെ ഇറങ്ങിയ ചിത്രം.