അരിസോണ: കാപ്പിയില്‍ ബ്ലീച്ച് കലർത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അരിസോണ സ്വദേശിനിയായ യുവതി അറസ്റ്റില്‍. മെലഡി ഫെലിസിയാനോ ജോൺസനാണ് പൊലീസ് പിടിയിലായത്. മാർച്ച് മാസം മുതല്‍ അറസ്റ്റിലാവുന്നതിന് തൊട്ട് മുന്‍പുള്ള ദിവസം വരെ യുവതി ഭർത്താവിന്റെ കാപ്പിയില്‍ ബ്ലീച്ച് ചേർത്തതായി അന്വേഷണ സംഘം കണ്ടെത്തി. കൊലപാതക ശ്രമത്തിന്റെ ദൃശ്യങ്ങളടക്കം തെളിവുകളുമായി ഭർത്താവ് തന്നെയാണ് പരാതിപ്പെട്ടത്.
യുഎസ് വ്യോമസേനയില്‍ അംഗമായ റോബി ജോണ്‍സന് നേരെയാണ് മാസങ്ങളോളം നീണ്ട കൊലപാതക പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടത്. താന്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണ് മെലഡി കുറ്റകൃത്യം ചെയ്തതെന്ന് റോബി ജോണ്‍സന്‍ കോടതിയില്‍ ആരോപിച്ചു. കുട്ടിയുമായി ഒരുമിച്ചാണ് കഴിഞ്ഞുവന്നിരുന്നതെങ്കിലും ദമ്പതികള്‍ വിവാഹമോചനത്തിന്റെ നടപടികളിലൂടെ കടന്നുപോവുകയായിരുന്നു എന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
മാർച്ച് അവസാനത്തോടെ ജോലിയുടെ ഭാഗമായി ജർമ്മനിയില്‍ താമസിക്കുമ്പോഴാണ് റോബി ജോൺസന് ആദ്യമായി തന്റെ കാപ്പിയിൽ രുചി വ്യത്യാസം അനുഭവപ്പെട്ട് തുടങ്ങിയത്. രുചി വ്യത്യാസം തുടർന്നതോടെ ‘പൂള്‍ ടെസ്റ്റിങ് സ്ട്രിപ്പ്‌സ്’ ഉപയോഗിച്ച് പരിശോധന നടത്തുകയും, കാപ്പിയില്‍ വലിയ അളവില്‍ ക്ലോറിന്‍ കണ്ടെത്തുകയും ചെയ്തു. സംശയം തീർക്കാനായി താമസ സ്ഥലത്തെ ടാപ്പുവെള്ളവും പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടില്ല.
ഇതോടെ ഭാര്യയുടെ നീക്കം നിരീക്ഷിക്കുന്നതിനായി മെയ് മാസത്തില്‍ റോബി ജോണ്‍സന്‍ താമസ സ്ഥലത്ത് കാമറ സ്ഥാപിച്ചു. സംശയം തോന്നാതിരിക്കാന്‍ കാപ്പി കുടിക്കുന്നതായി ഭാര്യയ്ക്ക് മുന്‍പില്‍ അഭിനയിച്ചു. അടുത്ത ദിവസം തന്നെ മെലഡി കോഫി മേക്കറിലേക്ക് എന്തോ ചേർക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ഈ സമയം, ജർമ്മനയിലായിരുന്നതിനാല്‍ പരാതിപ്പെടാനുള്ള നീക്കങ്ങളൊന്നും റോബി ജോണ്‍സന്‍ നടത്തിയില്ല.
ജൂണ്‍ 28 ന് യുഎസില്‍ തിരിച്ചെത്തിയതിന് പിന്നാലെ, ഈ ദൃശ്യങ്ങളുമായി ട്യൂസണ്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും, മെലഡിയുടെ കയ്യിലുണ്ടായിരുന്ന വസ്തു എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പൊലീസ് തുടർ നടപടികളിലേക്ക് കടന്നില്ല. ഇതോടെ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ജൂലെെ 7 ന് റോബി ഒന്നിലധികം ക്യാമറകള്‍ വീട്ടില്‍ സ്ഥാപിച്ചു.
തുടർന്നുള്ള ദിവസങ്ങളില്‍, കോഫി മെഷീനിലേക്ക് മെലഡി ബ്ലീച്ച് ഒഴിക്കുന്ന ദൃശ്യങ്ങള്‍ ഒന്നിലധികം ക്യാമറകള്‍ പകർത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് ഇരുവരുടെയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോഫി മേക്കറില്‍ ബ്ലീച്ചിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. മെലഡി ജോൺസന്റെ കിടപ്പുമുറിയിലെ കുളിമുറിയില്‍ നിന്ന് ബ്ലീച്ച് അടങ്ങുന്ന കുപ്പിയും കണ്ടെത്തി. ഇതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.