
യെരാവാന്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യില്‍ ചേരാന്‍ അര്‍മേനിയ തീരുമാനിച്ചു. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണു തീരുമാനമെടുത്തത്. 60 വോട്ടുകള്‍ അനുകൂലമായി ലഭിച്ചു. 22 പേര്‍ എതിര്‍ത്തു. ഇതോടെ റഷ്യയുമായുള്ള അര്‍മേനിയയുടെ ബന്ധം വഷളാകുമെന്നാണ് സൂചന.
ഐസിസിയില്‍ ചേരാനുള്ള അര്‍മേനിയയുടെ തീരുമാനം ശത്രുതാപരമായ നീക്കമാണെന്നു കഴിഞ്ഞ മാസം റഷ്യ ആരോപിച്ചിരുന്നു. അര്‍മേനിയന്‍ അംബാസഡറെ റഷ്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനെതിരേ അസര്‍ബൈജാന്‍ നടത്തുന്ന കടന്നുകയറ്റമാണ് ഐസിസിയില്‍ ചേരാന്‍ കാരണമെന്നും റഷ്യക്കെതിരേയല്ല ഈ തീരുമാനമെന്നും അര്‍മേനിയന്‍ അധികൃതര്‍ പറഞ്ഞു.
യുക്രെയ്‌നില്‍നിന്ന് അനധി കൃതമായി കുട്ടികളെ റഷ്യയിലേക്കു കടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു . തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയിലും പുടിന്‍ പങ്കെടുത്തില്ല. അറസ്റ്റ് ഭയന്നായിരുന്നു പുടിന്‍ വിട്ടുനിന്നത്.
ഏതാനും വര്‍ഷങ്ങളായി അര്‍മേനിയ-റഷ്യ ബന്ധം ഊഷ്മളമല്ല. 2020ല്‍ അര്‍മേനിയ-അസര്‍ബൈജാന്‍ യുദ്ധം അവസാനിച്ചത് റഷ്യന്‍ മധ്യസ്ഥതയിലായിരുന്നു. അസര്‍ബൈജാനില്‍ അര്‍മേനിയന്‍ വംശജര്‍ക്കു ഭൂരിപക്ഷമുള്ള നാഗോര്‍ണോ-കരാബാക്ക് പ്രവിശ്യ ഏതാനും ദിവസം മുന്പ് അസര്‍ബൈജാന്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് പകുതിയിലേറെ അര്‍മേനിയന്‍ വംശജര്‍ പലായനം ചെയ്തു.
മുൻപ് അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷങ്ങളില്‍ അര്‍മേനിയയ്ക്കു തുണയായെത്തുന്നത് റഷ്യയായിരുന്നു. അസര്‍ബൈജാനാകട്ടെ തുര്‍ക്കിയുടെ പിന്തുണയുണ്ട്. എന്നാല്‍, റഷ്യക്ക് ഇപ്പോള്‍ അര്‍മേനിയയോടു പഴയ മമതയില്ല. അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തിയതും റഷ്യയെ ചൊടിപ്പിച്ചു. അതേസമയം, അസര്‍ബൈജാനുള്ള പിന്തുണ തുര്‍ക്കി തുടരുന്നു.














