റഷ്യയ്ക്ക് ‘ആയുധ സഹായം’; കിം ജോങ് ഉൻ-പുടിന്‍ കൂടിക്കാഴ്ച ഈ മാസം

സോൾ: ഉക്രെയ്ൻ-റഷ്യ സംഘർഷത്തില്‍ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യ സന്ദർശിക്കും. ഈ മാസം അവസാനമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച തീരുമാനിച്ചിരിക്കുന്നത്. റഷ്യയുടെ പസിഫിക് തീര നഗരമായ വ്ലാഡിവോസ്റ്റോക്കിലായിരിക്കും ചർച്ചയെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ട്.

സുരക്ഷാഭടൻമാർക്കൊപ്പം ട്രയിനിലായിരിക്കും കിം ജോങ് ഉന്നിന്റെ യാത്ര. ഒരു ദിവസത്തില്‍ 1000 കിലോമീറ്റർ സഞ്ചരിച്ചായിരിക്കും കിം റഷ്യയിലെത്തുക. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് കിം വിദേശയാത്ര നടത്തുന്നത്. നേരത്തെ, 2018 ൽ ചൈനയിലേക്ക് നടത്തിയ യാത്രയും ട്രെയിനിലായിരുന്നു.

റഷ്യയുമായി ഉത്തരകൊറിയ ആയുധ ഇടപാട് നടത്തുന്നതായി യുഎസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജേക്ക് സള്ളിവൻ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ അതിനിർണ്ണായകമാണ് ലോക നേതാക്കളുടെ കൂടിക്കാഴ്ച.

സെപ്റ്റംബർ 10 മുതൽ 13 വരെ വ്ലാഡിവോസ്‌റ്റോക്കിലെ ഫാർ ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്‌സിറ്റിയുടെ കാമ്പസിൽ നടക്കുന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തില്‍ ഇരു നേതാക്കളും പങ്കെടുക്കും. റഷ്യയുടെ നാവിക കപ്പലുകൾ സന്ദർശിക്കല്‍ പുടിന്റെ കാര്യപരിപാടികളിലൊന്നാണ്. റഷ്യയിൽ നിന്നു ഉപഗ്രഹ സാങ്കേതികവിദ്യയും ആണവ മുങ്ങിക്കപ്പലുകളും ഭക്ഷ്യവസ്തുക്കളും ഉത്തര കൊറിയ റഷ്യയില്‍ നിന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്

നേരത്തെ, 2019 ലാണ് കിമ്മും പുടിനും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. റഷ്യയുടെ ഉക്രെയ്‌ന്‍ അധിനിവേശത്തിന് പുറമെ ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, ആണവായുധ പരീക്ഷണങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചാവിഷയമായേക്കും. അന്താരാഷ്ട്ര തലത്തിലെ എതിർപ്പിനെ മറികടക്കാന്‍ ഒറ്റക്കെട്ടായി കൂടുതൽ സൈനിക, സാമ്പത്തിക സഹകരണം സാധ്യമാക്കുകയാണ് ഇരുരാജ്യങ്ങളുടെയും മുഖ്യ അജണ്ട.