മണിപ്പൂരില്‍ സൈനികനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൊന്നു

ഇംഫാൽ : മണിപ്പുരിൽ വീട്ടില്‍ അവധിക്കെത്തിയ സൈനികനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തി. കരസേനാ ജവാനായ സെർറ്റോ താങ്താങ് കോമാണ് മരിച്ചത്. ഇയാളുടെ മൃതദേഹം ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തേക് ഗ്രാമത്തിൽനിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിക്കുകയായിരുന്നു.

മണിപ്പുരിലെ കാങ്പോക്പി ജില്ലയിലെ ആർമി ഡിഫൻസ് സെക്യൂരിറ്റി കോർ പ്ലറ്റൂണിലെ അംഗമാണ് ഇദ്ദേഹം.ഇംഫാൽ വെസ്റ്റിലെ തരുങ്ങിൽ നിന്നുള്ള സെർറ്റോ ലീവിലായിരുന്നു. വീട്ടിൽനിന്ന് ശനിയാഴ്ച പത്തുമണിയോടെ സെർറ്റോയെ ആയുധധാരികളായ അക്രമികൾ തലയ്ക്ക് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. സംഭവം നടക്കുമ്പോള്‍ ഇയാഴുടെ ചെറിയ മകന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇയാളെ തട്ടിക്കൊണ്ടു പോയെന്ന് കാട്ടി കുടുംബം അപ്പോള്‍ തന്നെ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. തലയിൽ വെടിയേറ്റ മുറിവുണ്ട്.

നാലുദിവസം മുമ്പ് ചുരാചന്ദ്പുരിൽ കുക്കി വംശജനായ പൊലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചിരുന്നു. വിദൂരസ്ഥലത്തിരുന്നു ടെലിസ്കോപ് വഴി ലക്ഷ്യം നിർണയിച്ചു വെടിയുതിർക്കാവുന്ന തോക്കുകൊണ്ടുള്ള വെടിയേറ്റാണ് സബ് ഇൻസ്പെക്ടർ ഓങ്മാങ് ഹോകിപ് കൊല്ലപ്പെട്ടതെന്നും നിരോധിത ഭീകരസംഘടനകളാണു കൊലയ്ക്കു പിന്നിലെന്നും കുക്കി സംഘടനകൾ ആരോപിച്ചു.

ചുരാചന്ദ്പുരിലെ ചിങ്ഫൈയിൽ ഡ്യൂട്ടിക്കിടെയാണ് സബ് ഇൻസ്പെക്ടർക്ക് വെടിയേൽക്കുന്നത്. ആക്രമണം ചെറുക്കുന്നതിനായി ഇവിടെ കുക്കികൾ സ്ഥാപിച്ചിട്ടുള്ള ബങ്കറിൽ നിൽക്കുമ്പോഴാണ് വെടിയേറ്റത്. നാലു മാസം പിന്നിട്ടിട്ടും മണിപ്പുര്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല.

More Stories from this section

dental-431-x-127
witywide