
ബി എഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിക്കപ്പെട്ട് ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപികയ്ക്ക് ഒടുവില്‍ മോചനം. ഇന്ത്യന്‍ എംബസിയുടേയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടര്‍ന്നാണ് അധ്യാപകയ്ക്ക് മോചനം ലഭിച്ചത്. നേരത്തേ ഇന്ത്യാഗവണ്‍മെന്റിന്റെ അംഗീകാരമുള്ള അക്കാദമി വഴി കറസ്‌പോണ്ടന്‍സ് ആയി നേടിയ സര്‍ട്ടിഫിക്കറ്റാണ് അധ്യാപിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ബഹ്റൈന്‍ മന്ത്രാലയത്തിന്റെ പരിശോധനാ സംവിധാനമായ ക്വാഡ്രാബേയില്‍ അപ് ലോഡ് ചെയ്തപ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന കുറ്റത്തിന് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പിന്നീട് പരിശോധന വ്യാപകമാക്കുകയും ഇത്തരം സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിരുന്ന അധ്യാപകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടത്. നേരത്തേ ഇന്ത്യാ ഗവര്‍മെന്റിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സ്ഥാപനങ്ങളെ പിന്നീട് ചില രാജ്യങ്ങള്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം പല ഉദ്യോഗാര്‍ത്ഥികള്‍ക്കും അറിയില്ലായിരുന്നുവെന്നുമുള്ള കാര്യം ബഹ്റൈന്‍ അധികൃതരെ ബോധിപ്പിച്ചു.
കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ വിദ്യാഭ്യാസ മന്ത്രാലയം ഇവരെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അധ്യാപകയ്ക്ക് എതിരെ ഒരു കേസും നിലവില്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തുകള്‍ അയക്കുകയും ചെയ്തിരുന്നു. സമാന രീതിയില്‍ തഴയപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ മറ്റ് അധ്യാപകരുടെ മോചനത്തിനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.