
തിരുവനന്തപുരം: കലാ സംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഒക്ടോബര്‍ 18 നാണ് സാബു പ്രവദാസിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രാജാവിന്റെ മകന്‍, മനു അങ്കിള്‍, കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, പാര്‍വതീ പരിണയം, ഒറ്റയടിപ്പാതകള്‍, ഫസ്റ്റ് ബെല്‍ തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായിരുന്നു. ഐഎഫ്എഫ്‌കെ അടക്കമുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളില്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്‌സ് യൂണിയന്‍ സ്ഥാപക നേതാവാണ്.
കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര സംബന്ധിയായ മികച്ച ലേഖനത്തിനുള്ള സംസ്ഥാന പുരസ്‌കാരം സാബു പ്രവദാസിന്റെ ‘പുനസ്ഥാപനം എന്ന നവേന്ദ്രജാലം’ത്തിനാണ് ലഭിച്ചത്. കൊച്ചിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ സുകുമാരന്റെ എട്ടു മക്കളില്‍ മൂത്തയാളായാണ് സാബു. നിശ്ചല ഛായാഗ്രാഹകന്‍ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകന്‍ പി ജി വിശ്വംഭരന്‍ സഹോദരീ ഭര്‍ത്താവുമാണ്.












