VS@100: മഹാമൗനത്തിന്റെ വാത്മീകത്തില്‍

എസ്.ജഗദീഷ് ബാബു

വി.എസ്.അച്യുതാനന്ദന്റെ 100 പോരാട്ട വര്‍ഷങ്ങളെ കുറിച്ച് എസ്.ജഗദീഷ് ബാബു എഴുതുന്നു

‘ബക്കറ്റില്‍നിന്ന് കോരിയെടുത്ത കടല്‍വെള്ളമല്ല, കാലം ആഴക്കടലില്‍ നിന്നും കടഞ്ഞെടുത്ത അമൂല്യ രത്‌നമാണ് ‘ എന്ന് നൂറുകൊല്ലത്തെ ജീവിതം കൊണ്ട് വി.എസ് തെളിയിച്ചുകഴിഞ്ഞു.

വിഭാഗീയത കത്തിനിന്ന കാലത്താണ് വി.എസിനെ ശംഖ്മുഖത്തെ വേദിയില്‍ ഇരുത്തിക്കൊണ്ട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ‘മാര്‍ തട്ടിനോട് ചേര്‍ന്നു കിടക്കുമ്പോഴേ കടല്‍ വെള്ളത്തില്‍ തിരകള്‍ ഉണ്ടാകൂ, എന്നും ബക്കറ്റില്‍ കോരിയെടുത്താല്‍ ആ വെള്ളത്തില്‍ തിരയുണ്ടാവില്ലെന്നും’ പ്രസംഗിച്ചത്. ‘ ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ സോവിയറ്റ് യൂണിയന്‍ എന്ന മഹാ സമുദ്രത്തിലെ വെള്ളവും വറ്റി വരണ്ടു. പിന്നീട് അതില്‍ നിന്നും കോരിയെടുത്ത ബക്കറ്റ് വെള്ളത്തിന് മറ്റൊരു കഥയേ പറയാന്‍ കഴിയൂ, ഇത്തരം ഗോര്‍ബച്ചേവുമാരുടെ ദുഷ് ചെയ്തികള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ വറ്റി വരളാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത് ”. എന്നായിരുന്നു വി.എസ് അന്ന് നല്‍കിയ മറുപടി.

മുഖ്യമന്ത്രിയായിരുന്ന വി.എസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി നിശ്ശബ്ദനാണ്. സെക്രട്ടറി ആയിരുന്ന പിണറായി ആകട്ടെ, കഴിഞ്ഞ ഏഴുകൊല്ലമായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ശയ്യാവലംബിയായിട്ടും മഹാമൗനത്തിന്റെ ഗര്‍ഭത്തിലൊളിച്ചിട്ടും വിപ്ലവ സൂര്യനാണ് ഇന്നും ജനഹൃദയങ്ങളില്‍ വി.എസ്.

കാലത്തിനുമുമ്പേ സഞ്ചരിക്കുന്നവര്‍ എന്ന് ആലങ്കാരികമായി പലരേയും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ഒഴുക്കിനെതിരെ മാത്രം സഞ്ചരിച്ച വി.എസ് അച്യുതാനന്ദന്‍ കാലത്തിനൊപ്പവും അതിനു മുമ്പിലും സഞ്ചരിച്ച സാധാരണക്കാരനാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വി.എസ് എത്താത്ത പദവികളില്ല. 17 ാം വയസില്‍ സഖാവ് പി. കൃഷ്ണപിള്ള നല്‍കിയ പാര്‍ട്ടി അംഗത്വവും 1940 ല്‍ ആരംഭിച്ച പാര്‍ട്ടി പ്രവര്‍ത്തനവുമാണ് അദ്ദേഹത്തെ സാധാരണ മനുഷ്യരില്‍ നിന്നും അസാധാരണനാക്കിയത്. 1946 ല്‍ പുന്നപ്ര വയലാര്‍ സമരത്തില്‍ ബ്രിട്ടീഷ് പട്ടാളം കാല്‍വണ്ണയില്‍ ബയോണറ്റ് കുത്തിക്കയറ്റി കാട്ടിലുപേക്ഷിച്ച ആ ജീവന്‍ ഫീനിക്‌സിനെ പോലെ പറന്നുയര്‍ന്നു. 1964 ല്‍ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരില്‍ ഒരാളാണ് വി.എസ്. 1980 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി, 1985 മുതല്‍ പൊളീറ്റ് ബ്യൂറോ അംഗം, ആറുതവണ നിയസഭാഗം, മൂന്നു പ്രാവശ്യം പ്രതിപക്ഷ നേതാവ്, 2006 ല്‍ മുഖ്യമന്ത്രി, 82 ാം വയസില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായ ആദ്യത്തേയും അവസാനത്തേയും കമ്മ്യൂണിസ്റ്റ് നേതാവ്. 2016 ല്‍ 93 ാം വയസ്സില്‍ മലമ്പുഴയിലെ അവസാന മത്സരം വിജയിച്ചെങ്കിലും പിണറായിക്കുവേണ്ടി വി.എസ് വഴിമാറിക്കൊടുത്തു. പിന്നീട് നാലര വര്‍ഷത്തോളം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് രാജിവെച്ച് മകന്റെ വീട്ടില്‍ വിശ്രമത്തിലും ചികിത്സയിലുമാണ് ഇന്ന് വി.എസ്.

പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നേതാക്കളും പ്രവര്‍ത്തകരും ആരാധകരും തിരുവനന്തപുരത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ മധുരം പങ്കുവെച്ച് വീടിന്റെ അടഞ്ഞ ഗേറ്റിനുമുന്നില്‍ സഖാവിന് അവര്‍ അഭിവാദ്യം അര്‍പ്പിച്ചു. മലമ്പുഴയിലും നെന്മാറയിലും കാസര്‍കോട് ജില്ലയിലെ നീലേശ്വരം ഓട്ടോ സ്റ്റാന്‍ഡിലും വി.എസിനുവേണ്ടി അവര്‍ കൂട്ടായ്മകളും പായസ വിതരണവും നടത്തി. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ നേതാവിനും ഇത്തരത്തിലുള്ള ഒരു നൂറാം പിറന്നാള്‍ ആഘോഷിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

2001 ല്‍ വി.എസിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ പി.ബി അംഗങ്ങളായിരുന്ന ജ്യോതിബസുവും ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത്തും ചരിത്രപരമായ മൗനം പാലിച്ചു. എന്നാല്‍, കേരളത്തിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. വി.എസിന്റെ വസതിയിലേക്ക് നേതാക്കളും എം.പിമാരും എത്തി. വി.എസ് മാത്രം തടിച്ചുകൂടിയ പ്രവര്‍ത്തകരെ കാണാന്‍പോലും കൂട്ടാക്കിയില്ല. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും സുകുമാര്‍ അഴീക്കോടും ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ടിനെ നേരിട്ടും കത്തിലൂടെയും പ്രതിഷേധം അറിയിച്ചു. ജില്ലാ കമ്മറ്റികളിലും സംസ്ഥാന കമ്മറ്റിയിലും ജനവികാരം പ്രതിഫലിച്ചു. അങ്ങനെയാണ് കേന്ദ്ര കമ്മറ്റിയും പി.ബിയും എടുത്ത തീരുമാനം ജനവികാരത്തിനു മുന്നില്‍ തിരുത്തിയത്. മലമ്പുഴയില്‍ ആദ്യ മത്സരത്തില്‍ വി.എസ് എത്തിയപ്പോള്‍ അടിയൊഴുക്കുകള്‍ രൂപപ്പെട്ടു. മാരാരിക്കുളം മലമ്പുഴയില്‍ ആവര്‍ത്തിക്കുമോ എന്ന് ഭയന്നു. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് അട്ടിമറി വിവരങ്ങളുമായി വി.എസിനെ കാണാന്‍ എത്തിയത് മറക്കാനാവില്ല. കേരളകൗമുദി ചീഫ് എഡിറ്റര്‍ മണിസാറിനെ അറിയിച്ച ശേഷമാണ് വി.എസ് താമസിക്കുന്ന പാലക്കാട് റസ്റ്റ് ഹൗസിലെ 14 ാം നമ്പര്‍ മുറിയിലെത്തിയത്. ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരേയും അദ്ദേഹം പുറത്തുപോകാന്‍ പറഞ്ഞു. കിട്ടിയ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു നിമിഷത്തെ മൗനം, ‘ നാളെ സംസാരിക്കാം’ എന്ന് ഒറ്റവാക്കില്‍ പറഞ്ഞ് അവസാനിപ്പിച്ചു. പിറ്റേദിവസം പര്യടനം കഴിഞ്ഞ് എത്തിയ ഉടന്‍ പി.എ സുരേഷിന്റെ വിളി വന്നു. ഒട്ടും വൈകാതെ വി.എസിന്റെ അടുത്തെത്തി. എല്ലാവരേയും ഒഴിവാക്കി അടച്ചിട്ട മുറിയില്‍ വി.എസ് മൗനമായി കുറച്ചുനേരം ഇരുന്നു. ‘ താന്‍ പറഞ്ഞതെല്ലാം ശരിയാണ്. എന്‍.എന്‍. കൃഷ്ണദാസിനേയും എ. പ്രഭാകരനേയും കാര്യങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അവര്‍ എല്ലാം ശരിയാക്കും ‘. അതുപോലെ തൊഴുകയ്യോടെ യാത്ര പറഞ്ഞു. പിന്നീട് വി.എസിന്റെ വിളി വന്നത് കൗണ്ടിംഗ് ദിവസമാണ്. പാലക്കാട് മിഷന്‍ സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലായിരുന്നു ഞാന്‍. എതിര്‍ സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി നല്ല മുന്നേറ്റം നടത്തിയ നിമിഷങ്ങള്‍. വി.എസിന്റെ ലീഡ് പതിനായിരത്തിനും അയ്യായിരത്തിനും താഴേക്ക് എത്തി. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഒടുവില്‍ ചെറിയ ഭൂരിപക്ഷത്തിന് മലമ്പുഴയില്‍ നിന്നും വി.എസ് വിജയിച്ചു. ആ സന്ദര്‍ഭത്തിലാണ് മൊബൈലില്‍ വി.എസിന്റെ പേര് തെളിഞ്ഞത്. ‘ ജഗദീഷ് പാര്‍ട്ടി ഓഫീസിലേക്ക് വരൂ’. വിക്ടോറിയ കോളേജ് റോഡിലെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരകത്തില്‍ എത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ വരാന്തയില്‍ ജനല്‍ അഴികളില്‍ പിടിച്ച് പുറത്തേക്ക് നോക്കി നില്‍ക്കുന്ന വി.എസ്. അരികിലെത്തിയപ്പോള്‍ ‘ മണിയെ വിളിക്കൂ’ എന്നു പറഞ്ഞു. ചീഫ് എഡിറ്ററെ വിളിച്ച് ഫോണ്‍ കൊടുത്തു. ‘ മണീ…കേരളകൗമുദി വിവരം തന്നിരുന്നില്ലെങ്കില്‍ അപകടമാകുമായിരുന്നു. ഇത് ഒരു വിജയമാണെന്ന് പറയാനാവില്ല ‘… കുറേ നേരം അവര്‍ തമ്മില്‍ എന്തെല്ലാമോ സംസാരിച്ചു. പറയുന്നത് കേള്‍ക്കണ്ട എന്നു കരുതി കുറച്ചകലെ മാറിനിന്ന എന്നെ വിളിച്ച് ഫോണ്‍ തിരിച്ചു നല്‍കി. വിളിക്കാം എന്ന് മാത്രം പറഞ്ഞു. പിന്നീട് വിളി വന്നത് ഒരാഴ്ച കഴിഞ്ഞാണ്. മലമ്പുഴയില്‍ സംഭവിച്ചത് ഒരു റിപ്പോര്‍ട്ടാക്കി അയയ്ക്കണം. എല്ലാം വിശദമായി വേണം. പി.ബിക്ക് പോകുമ്പോള്‍ കൊണ്ടുപോകാനാണ്. ഫോണ്‍ വയ്ക്കും മുമ്പ് ഒരു കാര്യം കൂടി വി.എസ് ഓര്‍മ്മിപ്പിച്ചു. റിപ്പോര്‍ട്ട് അയയ്ക്കുന്നത് വീട്ടിലെ മേല്‍ വിലാസത്തില്‍ തന്നെ വേണം. പറഞ്ഞതുപോലെ അടുത്ത ദിവസം തന്നെ അട്ടിമറിയുടെ വിശദ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വി.എസിന് അയച്ചു. അത് കിട്ടിയ ദിവസം വീണ്ടും വിളിച്ചു. റിപ്പോര്‍ട്ട് കിട്ടി എന്നു മാത്രം. കൂടുതലൊന്നും പറഞ്ഞില്ല. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന ആളുകളും പാലക്കാട്ടെ ഒരു വിവാദ വ്യവസായിയും ചേര്‍ന്ന് നടത്തിയ കരു നീക്കങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെങ്കില്‍ മലമ്പുഴയില്‍ മാരാരിക്കുളം ആവര്‍ത്തിക്കുമായിരുന്നു. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും മാറിയ ശേഷം ഒന്നിച്ചുനടത്തിയ യാത്രകളും അനുഭവങ്ങളുമുണ്ട്. അതെല്ലാം മറ്റൊരവസരത്തില്‍ ഓര്‍മ്മിക്കാം

Article by S Jagadeesh Babu on V S Achuthanandan

More Stories from this section

family-dental
witywide