
ന്യൂഡൽഹി: വായു മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ അരവിന്ദ് കേജ്‍രിവാൾ സർക്കാർ. ഒരാഴ്ചയിലധികമായി രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കം. നവംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. കാൻപുർ ഐഐടിയുടെ സഹകരണത്തോടെയാണ് ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ധനമന്ത്രി അതിഷി എന്നിവർ ഐഐടി സംഘവുമായി ചർച്ച നടത്തി.
‘‘കുറഞ്ഞത് 40 ശതമാനമെങ്കിലും മേഘാവൃതമായ സാഹചര്യമുണ്ടെങ്കിലേ കൃത്രിമ മഴ പെയ്യിക്കാനാകൂ എന്നാണ് കാൻപുർ ഐഐടി സംഘം അറിയിച്ചത്. നവംബർ 20–21 തീയതികളിൽ അത്തരമൊരു സാധ്യത കാണുന്നുണ്ട്. പദ്ധതിക്ക് അനുമതി ലഭിച്ചാൽ സാധ്യതാ പഠനം നടത്താമെന്ന് അവർ അറിയിച്ചിട്ടുണ്ട്. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ, കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള പദ്ധതി ഞങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കും. കോടതി അത് പരിശോധിക്കട്ടെ. കോടതിയുടെ അനുമതി ലഭിച്ചാൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് അതു നടപ്പാക്കാനുള്ള നടപടികളിലേക്കു കടക്കും,’’ മന്ത്രി ഗോപാൽ റായ് വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു.
ഈ പദ്ധതി വെള്ളിയാഴ്ച ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. ഡല്‍ഹിയിലെ വിഷവായുവിന്റെ അളവ് കുറയ്ക്കാന്‍ എടുത്ത നടപടികള്‍ സംബന്ധിച്ച് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. സുപ്രീം കോടതി അനുമതി നല്‍കിയാല്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കും.