
തിരുവനന്തപുരം: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് ഇന്ന് കേരളത്തിൽ തുടക്കം. മത്സരങ്ങള്‍ നാളെ മുതൽ പൊന്മുടിയില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ 28-ാം പതിപ്പാണ് ഇവിടെ നടക്കുന്നത്.ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാല് മണിക്ക് ഹോട്ടല്‍ ഹൈസിന്തില്‍ നിർവഹിക്കും.
ഇന്ത്യക്ക് പുറമെ ചൈന, പാകിസ്താന്‍, ജപ്പാൻ, കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ഖസാക്കിസ്ഥാൻ, ചൈനീസ് തായ്‌പേയ്, ഫിലിപ്പീൻസ്, ഹോങ്കോങ്, മംഗോളിയ, ഉസ്‌ബെക്കിസ്ഥാൻ, വിയറ്റ്‌നാം, ഇറാൻ, മലേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ് എന്നിങ്ങനെ 20 രാജ്യങ്ങളിൽ നിന്നായി 250ലേറെ റൈഡർമാരാണ് പങ്കെടുക്കുന്നത്.
എലൈറ്റ് വിഭാഗം മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 2024ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഇത്രയധികം പങ്കാളിത്തമുണ്ടാകുന്നത്.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മിക്ക ടീമുകളും തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ചൈനയും കൊറിയയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള റൈഡർമാർ പൊന്മുടിയിൽ മത്സരത്തിനായി തയാറാക്കിയ ട്രാക്കിൽ പരിശീലനം നടത്തുന്നുണ്ട്.
31 അംഗ ടീമിനെയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ അണിനിരത്തുന്നത്. 20 പുരുഷ റൈഡര്‍മാരും 11 വനിതാ റൈഡര്‍മാരുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള കിരണ്‍കുമാര്‍ രാജുവും പട്യാല നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകര്‍.
ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള റഫറിമാർക്കുള്ള എലൈറ്റ് നാഷനൽ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ഇന്ത്യയിൽ പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം തന്നെ 14-ാമത് ജൂനിയർ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പും പൊന്മുടിയിലെ വേദിയിൽ നടക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് 29ന് സമാപിക്കും.
Asian Mountain Bike cycling tourney to begin from today in Kerala














