റോഡിലെ തര്‍ക്കം: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്ഐക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് രാത്രി റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ട കുടുംബത്തെ മര്‍ദിച്ച നടക്കാവ് എസ്ഐക്ക് സസ്പെന്‍ഷന്‍. നടക്കാവ് എസ്‌ഐ വിനോദിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍പെന്‍ഡ് ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അത്തോളി സ്വദേശി അഫ്‌ന അബ്ദുള്‍ നാഫിക്കാണ് പരാതി നല്‍കിയത്.

ശനിയാഴ്ച രാത്രി ഒരു മണിടോയെ അഫ്‌നയും ഭര്‍ത്താവ് അബ്ദുല്‍ നാഫിക്കും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊളത്തൂര്‍ യുപി സ്കൂളിനു സമീപമായിരുന്നു സംഭവം നടന്നത്. റോഡില്‍ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി എതിരെ വന്ന കാറിലുണ്ടായിരുന്ന യുവാക്കളും അബ്ദുല്‍ നാഫിക്കും തമ്മില്‍ തര്‍ക്കമുണ്ടായി. യുവാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് , തൊട്ടടത്തുള്ള വിവാഹ വീട്ടിലുണ്ടായിരുന്ന എസ്ഐ മറ്റൊരാള്‍ക്കൊപ്പം ബൈക്കിലെത്തി. സംഭവസ്ഥലത്ത് എത്തിയ എസ്‌ഐ വിനോദ് കുമാര്‍ തന്നെയും കുടുംബത്തെയും മര്‍ദിക്കുകയും അസഭ്യം പറയുകയും കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തെന്നാണ് അഫ്‌നയുടെ പരാതി.

അഫ്‌ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്‌ഐയ്ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിന്റെ പരാതിയില്‍ യുവതിക്കും കുടുംബത്തിനുമെതിരെ കേസ് എടുത്തിട്ടുണ്ട് .

Assault on woman and family: police officer suspended in Kozhikkodu