ന്യൂഡൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന ജി–20 ഉച്ചകോടിയിലും രാജ്യത്തിന് പേര് ‘ഭാരത്’ എന്നാക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിൽ ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ എന്നാണ് രേഖപ്പെടുത്തിയത്.
പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിലാണു മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത് സ്ഥാപിച്ചത്. ഇതിനൊപ്പം ദേശീയപതാകയും വച്ചിരുന്നു.
രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നുമാറ്റാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു നടപടി. ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പേരുമാറ്റവുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി.
ജി–20 യുമായി ബന്ധപ്പെട്ട രാഷ്‌ട്രപതിയുടെ ക്ഷണപത്രികയിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയിരുന്നു. ജി 20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികൾക്ക് നൽകുന്ന കൈപ്പുസ്‌തകത്തിലും ‘ഭാരത്; ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നാലെ ആസിയൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം അറിയിച്ച് ഇറക്കിയ കുറിപ്പിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നും ആലേഖനം ചെയ്‌തിരുന്നു.