
കൊച്ചി: അന്യമതത്തില്‍ പെട്ട ആണ്‍കുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് പതിനാലുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായാണ് വിവരം. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം അടിച്ച് പരുക്കേല്‍പ്പിക്കുകയും കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിക്കുകയും ചെയ്തു. സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതി ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളം ആലങ്ങാടാണ് സംഭവം. സഹപാഠിയായ ആണ്‍കുട്ടിയുമായി മകള്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് പിതാവ് പ്രകോപിതനായത്. ഇതര മതത്തിലുള്ള ആണ്‍കുട്ടിയുമായി ബന്ധം പാടില്ലെന്ന് വിലക്കുകയും
ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. ഇതറിഞ്ഞതോടെ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്ന പിതാവ് മകളെ കമ്പി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കൊല്ലുക എന്ന ഉദ്ദേശത്തോടെ കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിക്കുകയും ചെയ്തുവെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.















