
ബോക്കോസ്: മധ്യ നൈജീരിയയില്‍ സായുധ സംഘങ്ങള്‍ ഗ്രാമങ്ങള്‍ക്ക് നേരെ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തില്‍ 160 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വര്‍ഷങ്ങളായി മതപരവും വംശീയവുമായ സംഘര്‍ഷങ്ങളാല്‍ വലയുന്ന പ്രദേശത്ത് 16 പേര്‍ മരിച്ചതായി ഞായറാഴ്ച വൈകുന്നേരം സൈന്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രാഥമിക കണക്കില്‍ നിന്ന് മരണപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
പ്രാദേശിക ‘കൊള്ളക്കാര്‍’ എന്ന് വിളിക്കപ്പെടുന്ന സൈനിക സംഘങ്ങള്‍ ’20-ല്‍ താഴെ വ്യത്യസ്ത സമൂഹങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുകയും വീടുകള്‍ കത്തിക്കുകയും ചെയ്തു. പരിക്കേറ്റ 300-ലധികം ആളുകളെ ബോക്കോസ്, ജോസ്, ബാര്‍ക്കിന്‍ ലാഡി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു.
പ്രാദേശിക റെഡ് ക്രോസിന്റെ താല്‍ക്കാലിക കണക്കനുസരിച്ച് ബോക്കോസ് മേഖലയിലെ 18 ഗ്രാമങ്ങളിലായി 104 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന പാര്‍ലമെന്റ് അംഗമായ ഡിക്സണ്‍ ചോലോം പറയുന്നതനുസരിച്ച്, ബാര്‍കിന്‍ ലാഡി പ്രദേശത്തെ നിരവധി ഗ്രാമങ്ങളില്‍ 50 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം സുരക്ഷാ സേനയോട് വേഗത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു.