
ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചു. 55 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട ബാക്കിയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഷ്ത്വാറില്‍നിന്നു ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ അപകടത്തില്‍ പെട്ടത്. റോഡില്‍നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയുള്ള മലയിടുക്കിലേക്കു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അസ്സറില്‍ തൃങ്ങാലിനു സമീപമാണ് അപകടം നടന്നത്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പോലീസും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും (എസ്ഡിആര്‍എഫ്) ഉദ്യോഗസ്ഥരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. പരിക്കേറ്റവരെ ദോഡയിലെയും കിഷ്ത്വറിലെയും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായി ഹെലികോപ്റ്റര്‍ സര്‍വ്വീസ് ക്രമീകരിക്കുന്നുണ്ടെന്ന് ഡോ. സിംഗ് നേരത്തേ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അപകടത്തില്‍ അനുശോചനം അറിയിച്ചു. ‘ജമ്മു കശ്മീരിലെ ദോഡയിലുണ്ടായ ബസ് അപകടം വേദനാജനകമാണ്. ഉറ്റവരെയും ഉറ്റവരെയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതമുള്ള ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ സഹായം അനുവദിക്കും. അപകടത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുഃഖം പ്രകടിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കു വേണ്ട സഹായം എത്തിക്കാന്‍ ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയതായി സിന്‍ഹ പറഞ്ഞു.















