അബിഗേലിനു മുന്‍പ് മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മുഖം മറച്ച സ്ത്രീ എത്തിയത് ബൈക്കില്‍

കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയതിനു മുന്‍പ് സമീപപ്രദേശത്ത് നിന്ന് മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നതായി വിവരം. ഓട്ടുമലയില്‍നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംഗ്ഷനില്‍ സൈനികനായ ആര്‍ ബിജുവിന്റെയും ചിത്രയുടെയും വീട്ടിലാണ് അജ്ഞാതര്‍ എത്തിയത്.

ഇന്നലെ രാവിലെ 8.30ന് ആയിരുന്നു സംഭവം. വീടിനകത്തുണ്ടായിരുന്ന ബിജുവിന്റേയും ചിത്രയുടേയും മകള്‍ സിറ്റൗട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് മുന്നില്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നില്‍ക്കുന്നതു കണ്ടത്. ആരാണെന്നു ചോദിച്ചപ്പോള്‍ സ്ത്രീ പെട്ടെന്നു ഗേറ്റ് കടന്ന് ഓടി സമീപത്ത് ബൈക്കില്‍ കാത്തുനിന്ന ആളോടൊപ്പം കടന്നു കളഞ്ഞുവെന്നാണ് പന്ത്രണ്ടു വയസ്സുകാരി പറഞ്ഞത്. ഈ സംഭവം പെണ്‍കുട്ടിയുടെ അമ്മ വൈകീട്ട് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു കൃത്യം ഒരു മണിക്കൂറിനു ശേഷമാണ് ഓയൂരില്‍ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.

ഇന്നലെ വൈകിട്ടോടെയാണ് ഓയൂരില്‍ നിന്ന് ആറു വയസ്സുകാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. ആശുപത്രി ജീവനക്കാരായ റെജി ജോണിന്റെയും സിജി തങ്കച്ചന്റെയും ഇളയമകള്‍ അബിഗേല്‍ സാറെ റെജിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അബിഗേലും മൂത്ത സഹോദരന്‍ നാലാം ക്ലാസുകാരന്‍ ജൊനാഥന്‍ റെജിയും വീട്ടില്‍ നിന്നു കഷ്ടിച്ചു 100 മീറ്റര്‍ ദൂരെയുള്ള ട്യൂഷന്‍ ക്ലാസിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം നടന്നത്. കുട്ടിയെ വിട്ടുതരാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘം രണ്ടുതവണയാണ് ഫോണ്‍ ചെയ്തത്.

More Stories from this section

family-dental
witywide