
കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ മുസ്ലീം ലീഗ് ഇന്ന് തീരുമാനമെടുക്കും. സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയാണ് പുതിയ മാനങ്ങളും ചര്‍ച്ചകളും സജീവമാക്കിയത്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് കോഴിക്കോട് ലീഗ് ഹൗസില്‍ നിര്‍ണായക യോഗം ചേരും.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ലീഗിനെ ഔദ്യോഗികമായി പരിപാടിയിലേക്ക് ക്ഷണിച്ചതോടെയാണ് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ലീഗ് തീരുമാനിച്ചത്. എന്നാല്‍ റാലിയില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനു വിയോജിപ്പുകളുണ്ടെന്നും അവര്‍ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനു വ്യക്തമായ നിലപാടില്ലെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പലസ്തീന്‍ വിഷയത്തില്‍ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളേയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം നീക്കം. സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ സിപിഎം പരിപാടിയില്‍ പങ്കെടുക്കും. തീവ്ര നിലപാടുള്ള മുസ്ലീം സംഘടനകളേയും കോണ്‍ഗ്രസിനേയും മാറ്റി നിര്‍ത്താനാണ് തീരുമാനം.
അതേസമയം സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണോ എന്നതില്‍ അടുത്ത ദിവസം തീരുമാനമെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പലസ്തീന്‍ വിഷയം ഒരു സാമുദായിക പ്രശ്നമല്ല, അതൊരു മനുഷ്യാവകാശ പ്രശ്‌നമാണ്. ഇടി മുഹമ്മദ് ബഷീര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. അതു മുഖവിലയ്ക്ക് എടുക്കുന്നതു കൊണ്ടാണ് നാളെ യോഗം ചേരുന്നത്. സിപിഎമ്മുമായി രാഷ്ട്രീയ വേദിയൊന്നുമല്ലല്ലോ പങ്കിടുന്നത്, ഒരു പൊതു കാര്യത്തിന് വേണ്ടിയല്ലേയെന്നും സലാം ചോദിച്ചു. അതില്‍ എന്തു നിലപാട് വേണമെന്ന് യോഗത്തില്‍ തീരുമാനിക്കുമെന്നും പിഎംഎ സലീം പറഞ്ഞു.














