വളർത്തുനായ്ക്കളുടെ കടിയേറ്റ യുവതിക്ക് ഗുരുതര പരുക്ക്; അക്രമകാരിയായ നായയെ വെടിവച്ച് പൊലീസ്, ഭയന്ന് വിറച്ച് അയൽക്കാർ

പെർത്ത്: സ്വന്തം വളർത്തുനായ്ക്കളുടെ കടിയേറ്റ യുവതിക്ക് ഗുരുതര പരുക്ക്. ഓസ്‌ട്രേലിയൻ സ്വദേശിനിയായ നികിത പിൽ എന്ന 31 കാരിയെയാണ് വളർത്തുനായ്ക്കളായ രണ്ട് റോട്ട്‌വീലറുകൾ ക്രൂരമായി ആക്രമിച്ചത്. പെർത്തിലെ വീട്ടിൽ വച്ച് ബ്രോങ്ക്‌സ് , ഹാർലെം എന്നീ വളർത്തു നായ്ക്കൾ നികിത പില്ലിന്‍റെ കൈകാലുകൾക്ക് കടിക്കുകയായിരുന്നു.

രക്തം വാർന്ന് ഗുരുതരമായ പരിക്കേറ്റ യുവതി സഹായത്തിനായി നിലവിളിച്ചു. ആക്രമണം കണ്ട അയൽക്കാർ നായ്ക്കളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആക്രമണം തടയാൻ കഴിയാതെ വന്നതോടെ പൊലീസ് സംഭവ സ്ഥലത്ത് എത്തി, നായ്ക്കളിൽ ഒന്നിനെ വെടിവച്ചു. ഗുരുതരമായി പരുക്കേറ്റ ഈ നായ ഇപ്പോൾ റേഞ്ചർ കസ്റ്റഡിയിലാണ്. മറ്റെ റോട്ട്‌വീലറിനെ ദയാവധത്തിന് വിധേയമാക്കിയെന്നും പൊലീസ് അറിയിച്ചു.

യുവതിയുടെ ആരോഗ്യ നില ഗുരുതരമാണെങ്കിലും നിലവില്‍ സ്ഥിതി ആശങ്കാജനകമല്ലെന്ന് പെര്‍ത്ത് റോയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ കൈ സാധാരണ നിലയിലെത്തിക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

രണ്ട് നായകളുമൊത്തുള്ള ചിത്രങ്ങള്‍ യുവതി സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ബേബി എന്നാണ് രണ്ടു നായ്ക്കളെയും നികിത വിശേഷിപ്പിച്ചിരുന്നത്. അതേസമയം രണ്ട് നായകളും പരസ്പരം ആക്രമിച്ചിട്ടുണ്ടാവാമെന്നും ഇതില്‍ യുവതി ഇടപെട്ടതായിരിക്കാം ആക്രമിക്കപ്പെടാന്‍ കാരണമെന്നും റോട്ട്‌വീലര്‍ നായകള്‍ കാരണമില്ലാതെ ആരെയും ആക്രമിക്കില്ലെന്നും നായകളെ യുവതിക്ക് നല്‍കിയ ആള്‍ പറയുന്നു.

More Stories from this section

family-dental
witywide