
ലഖ്നൗ: അയോധ്യയിലെ ധനിപൂർ ഗ്രാമത്തിലെ അഞ്ചേക്കർ സ്ഥലത്ത് നിർമിക്കുന്ന മുഹമ്മദ് ബിൻ അബ്ദുല്ലാ മസ്ജിദ് താജ്മഹലിനേക്കാൾ മികച്ചതായിരിക്കുമെന്ന് ബിജെപി നേതാവും മസ്ജിദ് വികസന സമിതി ചെയർമാനുമായ ഹാജി അർഫാത് ഷെയ്ഖ്. അയോധ്യയിൽ തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരം ഒരുങ്ങുന്ന പള്ളിയെക്കുറിച്ചാണ് ഹാജി അർഫാദ് ഷെയ്ഖ് വാചാലനായത്. രാജക്ഷേത്രത്തിൽ നിന്നും 25 കി.മീ അകലെയാണ് പള്ളി നിർമിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായി മാറാൻ പോകുന്ന ഈ മസ്ജിദിൽ 21 അടി ഉയരവും 36 അടി വീതിയുമുള്ള കാവി നിറമുള്ള ഖുർആൻ സ്ഥാപിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. മസ്ജിദിൽ ആദ്യ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് മക്ക ഹറം പള്ളിയിലെ ഇമാം അബ്ദുൽ റഹ്മാൻ അൽ സുദൈസ് ആയിരിക്കുമെന്നും ഹാജി അർഫാത് പറഞ്ഞു.
“താജ്മഹലിനേക്കാൾ മികച്ചതായിരിക്കും ഈ പള്ളിയെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഒരേ സമയം ‘ദവയുടെയും ദുആയുടേയും’ (മരുന്നിന്റെയും പ്രാർഥനയുടേയും) കേന്ദ്രമായിട്ടാണ് പള്ളി പ്രവർത്തിക്കുക. നമസ്കാരത്തിന് വേണ്ടി മാത്രമുള്ള സ്ഥലമായിരിക്കില്ല അത്. 500 കിടക്കകളുള്ള ക്യാൻസർ ആശുപത്രിയും പള്ളിയിൽ നിർമിക്കുന്നുണ്ട്. യു.പിയിൽ നിന്ന് ഇനിയാർക്കും അർബുദ ചികിത്സയ്ക്കായി മുംബൈയിലേക്ക് പോകേണ്ടിവരില്ല,” ഹാജി അർഫാത് വിശദമാക്കി.
“ഇതു കൂടാതെ, മെഡിക്കൽ കോളജും ദന്ത മെഡിക്കൽ കോളജും എഞ്ചിനീയറിങ് കോളജും പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടാകും. ഒപ്പം, വെജ് ലംഗാർ സൗകര്യവും ഉണ്ടായിരിക്കും. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ഭക്ഷണം നൽകുന്ന ആദ്യത്തെ പള്ളിയാണിത്. ഒരേ സമയം 5000 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം,” ബിജെപി നേതാവ് കൂട്ടിച്ചേർത്തു.