നായ ആക്രമിക്കാനെത്തി; ഓടുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്ന് വഴുതി കിണറ്റില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: നായ കടിക്കാനെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ അമ്മയുടെ കയ്യില്‍ നിന്ന് വഴുതി കിണറ്റില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം പാണ്ടാക്കാടാണ് ദാരുണ സംഭവമുണ്ടായത്. തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂര്‍ കളത്തുംപടിയന്‍ ഷിഹാബുദ്ദീന്റെയും മകള്‍ ഏഴു മാസം പ്രായമുള്ള ഹാജാ മറിയം ആണു മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്. കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് കഴുകാന്‍ പുറത്തിറങ്ങിയ സമിയ്യയെ നായ ആക്രമിക്കാന്‍ വന്നെന്നും ഓടിയപ്പോള്‍ കയ്യില്‍നിന്ന് വഴുതി കുഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു എന്നുമാണ് വീട്ടുകാര്‍ പറയുന്നത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.