ട്രെയിനില്‍ പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം; വാശിയില്‍ പുറത്തേക്കെറിഞ്ഞത് മറ്റൊരു പോലീസുകാരന്റെ തോക്കും തിരകളും അടങ്ങിയ ബാഗ്

തിരുവനന്തപുരം: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ട്രെയിനില്‍ മടങ്ങുന്നതിനിടെ പോലീസുകാര്‍ തമ്മില്‍ തര്‍ക്കം. വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ പോലീസുകാരിലൊരാള്‍ തോക്കും തിരകളും അടങ്ങിയ ബാഗ് ട്രെയിനിനു പുറത്തേക്ക് വലിച്ചെറിഞ്ഞു. പിസ്റ്റലും 28 വെടിയുണ്ടകളും അടങ്ങിയ ബാഗാണ് പുറത്തേക്കെറിഞ്ഞത്. അതേസമയം ദേഷ്യത്തില്‍ പുറത്തേക്കെറിഞ്ഞ ബാഗ് തര്‍ക്കത്തില്‍പ്പെടാത്ത മൂന്നാമതൊരു ഉദ്യോഗസ്ഥന്റേതായിരുന്നു.

ഇതേത്തുടര്‍ന്ന് പോലീസുകാര്‍ സംഭവസ്ഥലത്തിറങ്ങി ബാഗ് അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ട്രെയിന്‍ മധ്യപ്രദേശിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം നടന്നത്. തോക്കും തിരയും ബാഗിലുണ്ടായിരുന്നുവെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് സംഭവം വിവാദമായതോടെ മേലുദ്യോഗസ്ഥരിടപെട്ട് പത്ത് പൊലീസുദ്യോഗസ്ഥരെ സംഭവസ്ഥലത്ത് ഇറക്കി അന്വേഷണത്തിന് നിയോഗിച്ചു.

തൃശൂര്‍ കെഎപി മൂന്നാം ബറ്റാലിയനില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ബറ്റാലിയന്‍ കമന്‍ഡാന്റ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ജബല്‍പുര്‍ പൊലീസ് കേസെടുത്തു. ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ പ്രാഥമിക വിവരങ്ങള്‍ തേടി. ഡ്യൂട്ടിക്കു പോയ മറ്റുദ്യോഗസ്ഥര്‍ ഇന്ന് തിരികെ കേരളത്തിലെത്തും.

More Stories from this section

family-dental
witywide