വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഷിയാസ് കരീമിന് ജാമ്യം

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഷിയാസ് കരീമിന് ജാമ്യം. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 32 വയസ്സുകാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ പരാതി നല്‍കിയത്. കേസില്‍ ഇന്ന് രാവിലെയാണ് ചന്തേര പൊലീസ് ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ഷിയാസിന് ജാമ്യം അനുവദിച്ചത്.

നേരത്തെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നു രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഷിയാസിനെ, വൈദ്യപരിശോധനയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. വിവാഹ വാഗ്ദാനം നല്‍കി 2021 മുതല്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും രണ്ടുതവണ ഗര്‍ഭചിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ജിംനേഷ്യം പാര്‍ട്ടണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.

അതേസമയം വിവാഹ വാഗ്ദാനം നല്‍കിയെന്നത് ശരിയാണെന്നും എന്നാല്‍ പീഡിപ്പിച്ചിട്ടില്ലെന്നും ഷിയാസ് മൊഴി നല്‍കിയിരുന്നു. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. മുന്‍പ് വിവാഹം കഴിച്ചതും അതിലൊരു മകനുള്ളതും യുവതി തന്നോടു മറച്ചുവെച്ചുവെന്നും ഷിയാസ് മൊഴി നല്‍കി. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അത് ഇപ്പോള്‍ അവരുടെ കൈവശമുള്ള കാര്‍ വാങ്ങാന്‍ തന്നെയാണ് ഉപയോഗിച്ചതെന്നും ഷിയാസ് പറഞ്ഞു.

More Stories from this section

family-dental
witywide