ബാലഭാസ്കറിന്റെ മരണം: അപകട കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് സിബിഐ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജിയിലാണു സിബിഐ ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി ഹർജി വിധി പറയാൻ മാറ്റി. അതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന ഇടക്കാല ഉത്തരവു തുടരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജി പരിഗണിച്ചത്.

ശരിയായ അന്വേഷണമാണു നടത്തിയതെന്നും വിചാരണ തുടരാൻ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. ബാലഭാസ്കറും മറ്റും സഞ്ചരിച്ചിരുന്ന കാറിനു പിന്നാലെയുണ്ടായിരുന്ന കെഎസ്ആർടിസി ബസ്, അപകടം നടന്നയുടനെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ബാലഭാസ്കറിനെയും മറ്റും ആരും ആക്രമിക്കുന്നത് കണ്ടതായി ബസ് ഡ്രൈവറിന്റെ മൊഴിയിൽ ഇല്ല.

കാറിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യയും ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ല. കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണെന്നും സിബിഐ അഭിഭാഷകൻ അറിയിച്ചു. അപകടസ്ഥലത്തു സംഗീതപ്രമുഖനെ കണ്ടെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. 2019 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്.

More Stories from this section

family-dental
witywide