ബംഗളുരുവിലെ മലയാളിയുടെ ആത്മഹത്യയില്‍ ട്വിസ്റ്റ്; മോഷണ മുതലുമായി ഭാര്യ സ്റ്റേഷനില്‍

ബംഗളുരു: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് ഒരുമാസം മുന്‍പ് ബംഗളുരുവില്‍ ആത്മഹത്യ ചെയ്ത മലയാളിയുടെ കേസില്‍ പുതിയ ട്വിസ്റ്റ്. മരണപ്പെട്ട സെമോണ്‍ വർഗീസിന്റെ ഭാര്യ മോഷണ മുതലുമായി പൊലീസിനെ സമീപിച്ചു. ഇതോടെ ചെയ്യാത്ത കുറ്റം ആരോപിക്കപ്പെട്ടതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന ആരോപണം പൊളിഞ്ഞു. സെമോണിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ഇനി അസാധുവായേക്കും.

ഫ്രേസർ ടൗണിലെ തന്റെ വസതിയിൽ നിന്ന് 250 ഗ്രാം വരുന്ന സ്വർണവും വജ്രവും മറ്റ് ആഭരണങ്ങളും കാണാതായതായെന്ന് കാണിച്ച് ഗായത്രി ജെ ഗോപാല്‍ എന്ന വ്യക്തിയാണ് ഓഗസ്റ്റ് 17 ന് പുലികേശിനഗർ പൊലീസിൽ പരാതി നൽകിയത്. ഗായത്രിയുടെ ഡ്രെെവറായിരുന്ന വർഗീസ് ഉൾപ്പെടെ നാലുപേരെ കേസുമായി ബന്ധപ്പെട്ട് പ്രതി ചേർത്തു. ഇതനുസരിച്ച് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസും നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 21ന് വർഗീസ് (43) തൂങ്ങിമരിച്ചത്. മലയാളത്തിൽ എഴുതിയ ഏഴു പേജുള്ള മരണക്കുറിപ്പ് പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. അതില്‍ ഒരു പേജ് കോട്ടയത്ത് താമസിക്കുന്ന ഭാര്യ പ്രിയ തോമസിനുള്ളതായിരുന്നു. തനിക്കെതിരായ ആരോപണങ്ങളില്‍ അപമാനിതനായാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് മരണക്കുറിപ്പിൽ വർഗീസ് പറഞ്ഞു. മോഷണക്കേസിലെ പരാതിക്കാരിയുടെ മാനസിക പീഢനം പരാമർശിക്കപ്പെട്ടതിനാല്‍ ഗായത്രിക്കെതിരെ പൊലീസ് പ്രേരണകുറ്റം ചുമത്തിയിരുന്നു.

ഇതിനിടെ, ഗായത്രിയുടെ വീട്ടിലെ ആഭരണപ്പെട്ടികളില്‍ നിന്ന് ഫോറൻസിക് വിദഗ്ധർ വർഗീസിന്റെ വിരലടയാളങ്ങള്‍ കണ്ടെത്തി. ഇതോടെ പിടിക്കപ്പെടുന്ന ഭയത്തിലാണ് ഭാര്യ പ്രിയ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പൊലീസിന് കെെമാറിയത്. നിലവില്‍ കാണാതായ വസ്തുക്കള്‍ക്ക് പുറമെ, വർഗീസ് മുന്‍പ് പരാതിക്കാരിയില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ചില ആഭരണങ്ങള്‍ കോട്ടയത്ത് ഒരു ബാങ്കില്‍ പണയം വച്ചിട്ടുണ്ട്. അവയും വീണ്ടെടുക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.