
മാഡ്രിഡ്: പലസ്തീന്റെ മണ്ണിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് യൂറോപ്യൻ രാജ്യമായ ബാഴ്സലോണ. നഗര കൗൺസിൽ യോഗമാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന ആദ്യ യൂറോപ്യൻ നഗരമാണ് ബാഴ്‌സലോണ.
കഴിഞ്ഞ 25 വർഷങ്ങളായി ഇസ്രായേൽ നഗരമായ തെൽ അവീവുമായി വിവിധ വിഷയങ്ങളില്‍ സഹകരണ കരാറുള്ള നഗരമാണ് ബാഴ്‌സലോണ.
മുൻ മേയർ എഡ കലോവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചായ്‌വുള്ള ബാഴ്‌സലോണ എൻ കൊമൻ പാർട്ടി കൊണ്ടുവന്ന പ്രമേയത്തെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയും ഇടതു വിഘടന പാർട്ടിയായ ഇആർസിയും പിന്തുണച്ചു. ഏതു തരത്തിലുള്ള കൂട്ടശിക്ഷയും ഗാസ മുനമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് പ്രമേയം പറയുന്നു. പലസ്തീൻ ഭൂമിയിൽ നടത്തിയ അധിനിവേശവും കോളനിവൽക്കരണവുമാണ് സമാധാനത്തിന് വിഘാതമായി നിൽക്കുന്നതെയും പ്രമേയം കുറ്റപ്പെടുത്തി.
“യൂറോപ്പ് ഇത്രയും വൈകിയത് ലജ്ജാകരമാണ്. യൂറോപ്യൻ സ്ഥാപനങ്ങൾ നമ്മെ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതിൽ ഞങ്ങൾ ഫലസ്തീൻ ജനതയോട് മാപ്പു ചോദിക്കുന്നു. അധികം വൈകാതെ ഇതിൽ മാറ്റം വരുമെന്നാണ് എന്റെ പ്രതീക്ഷ. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നില കൊള്ളുന്ന യൂറോപ്പാണ് ഞങ്ങൾക്കു വേണ്ടത്. വംശഹത്യ നടത്തുന്ന ഒരു ഭരണകൂടവുമായുള്ള ബന്ധം പൂർണമായ വെടിനിർത്തൽ ഉണ്ടാകുന്നതു വരെ വിച്ഛേദിക്കുകയാണ്,” മുൻ മേയർ പറഞ്ഞു.















