
ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നതായും പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എക്സിറ്റ് പോളുകളെ പോലും കാറ്റിൽ പറത്തിയാണ് ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്.
“മധ്യപ്രദേശിലെയും ഛത്തിസ്ഗഢിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങള്‍ വിനയപൂര്‍വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും,” രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. കോൺഗ്രസിന് ഭരണം നൽകിയ തെലങ്കാനയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
‘പ്രജാലു തെലങ്കാന’ (ജനങ്ങളുടെ തെലങ്കാന) യാഥാര്‍ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പ് നൽകുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും രാഹുൽ വ്യക്തമാക്കി.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. പാര്‍ട്ടി ഇതിനെ അതിജീവിക്കുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.