കരുവന്നൂര്‍ ബാങ്ക് : എ.സി മൊയ്തീന്റെ ബെനാമികള്‍ 150 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്ന് ഇഡി; 15 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്ജീന്റെ വീട്ടിലെ റെയ്ഡിനെത്തുടര്‍ന്ന് പതിനഞ്ചു കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു.

എ.സി മൊയ്തീന്റെ വീട്ടില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ബാങ്കില്‍നിന്ന് 150 കോടി രൂപ ബെനാമി ഇടപാടിലൂടെ വകമാറ്റി തട്ടിപ്പു നടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ എസി മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഉടന്‍ നോട്ടിസ് അയക്കും. ബെനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തര ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു റജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി.

എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ തന്നെ എംഎല്‍എയുമായി ബന്ധമുണ്ടെന്നു കരുതുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷിന്റെ ചേര്‍പ്പിലെ വീട്ടിലും കണ്ണൂര്‍ സ്വദേശി സതീശന്റെ കോലഴിയിലെ വീട്ടിലും റെയ്ഡ് നടന്നു. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ സ്വര്‍ണം വാങ്ങുന്നയാളാണ് അനില്‍കുമാര്‍. സതീശന്‍ പണം പലിശയ്ക്ക് ഇടപാട് നടത്തുന്നയാളാണ്. അനില്‍കുമാറിനെയും സതീശനെയും കരുവന്നൂര്‍ ബാങ്കിന് പരിചയപ്പെടുത്തിയത് മൊയ്തീനാണെന്നാണ് സൂചന. ഈടില്ലാതെയും വ്യാജ രേഖകള്‍ ചമച്ചും വായ്പ നല്‍കി, ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളിപ്പിച്ചു തുടങ്ങിയ കേസുകളാണ് അന്വേഷിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മറ്റൊരു പ്രതി എ.കെ. ബിജോയിയുടെ 30 കോടിയുടെ സ്വത്ത് ഇഡി പിടിച്ചെടുത്തിരുന്നു.

More Stories from this section

family-dental
witywide