‘മണിപ്പുരിൽ മാധ്യമങ്ങൾ ഒരു വിഭാഗത്തോട് പക്ഷപാതം കാട്ടി’; വസ്തുതകളെ വളച്ചൊടിച്ചെന്ന് സൈന്യത്തിന്റെ കത്ത്

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ക്ഷണപ്രകാരമാണ് മണിപ്പുർ സന്ദർശിച്ചതെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്റെ പേരിൽ മണിപ്പുർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നേരിടുന്ന മൂന്ന് പത്രപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലൈ 12-ന് ഗിൽഡ് പ്രസിഡന്റ് സീമ മുസ്തഫയ്ക്ക് അയച്ച കത്തിൽ, പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്നായിരുന്നു സൈന്യത്തിന്റെ ആവശ്യം. സൈന്യത്തിലെ ഇന്‍ഫോര്‍മേഷന്‍ വാര്‍ഫെര്‍ വിങ്ങിലെ കേണല്‍ അനുരാഗ് പാണ്ഡെയാണ് കത്തയച്ചത്. മണിപ്പുരിലെ പ്രാദേശിക മാധ്യമങ്ങള്‍ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പക്ഷപാതപരമായ നിലപാടെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. 

”പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ഒരു സമുദായത്തിനെതിരാണ്. അത് ദിവസവുമുള്ള റിപ്പോർട്ടുകളില്‍ വെളിപ്പെടുന്നുണ്ട്” കത്ത് ചൂണ്ടിക്കാട്ടി. പ്രാദേശിക മാധ്യമങ്ങള്‍ വസ്തുതള്‍ നിര്‍ലജ്ജം വളച്ചൊടിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തനത്തിലെ എല്ലാ ധാര്‍മ്മികതയും വളച്ചൊടിക്കുന്നുവെന്നും കലാപത്തിന് ആവേഗം പകരാന്‍ ഇതും കാരണമായെന്നും സൈന്യം അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന്റെ തെളിവുകളും ഉള്‍പ്പെടുത്തിയായിരുന്നു സൈന്യത്തിന്റെ കത്ത്. സാന്‍ഗായ് എക്‌സ്പ്രസ്, ദി പിപ്പീള്‍സ് ക്രോണിക്കിള്‍, ഇംഫാല്‍ ഫ്രീ പ്രസ് എന്നീ പത്രങ്ങളുടെ റിപ്പോര്‍ട്ടുകളാണ് തെളിവുകളായി സൈന്യം ഉദ്ധരിച്ചത്.

എന്നാൽ, എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് മണിപ്പുര്‍ സര്‍ക്കാര്‍ ഗില്‍ഡിന്റെ വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തത്. ഇവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വാദത്തിനിടയിലാണ് സൈന്യം ആവശ്യപ്പെട്ടാണ് മാധ്യമപ്രവർത്തകർ മണിപ്പൂരിലേക്ക് പോയതെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഇതില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അത്ഭുതം രേഖപ്പെടുത്തുകയും ചെയ്തു.

More Stories from this section

family-dental
witywide