യുഎസിലെ ഗർഭച്ഛിദ്ര ഗുളികകളുടെ നിയന്ത്രണം; നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്

വാഷിംഗ്ടൺ: ഗർഭച്ഛിദ്ര ഗുളികയായ മൈഫെപ്രിസ്റ്റോണിന് മേലുള്ള നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾ നീണ്ട നിയമപോരാട്ടം നയിക്കുന്ന ബെെഡന്‍ സർക്കാർ സുപ്രീംകോടതിയിലേക്ക്. ഈ ആവശ്യം തള്ളിയ അപ്പീല്‍ കോടതി വിധിക്കെതിരെയാണ് സർക്കാർ വെള്ളിയാഴ്ച സുപ്രീംകോടതിയെ അപ്പീലുമായി സമീപിച്ചത്.

ലൂസിയാന ഫെഡറൽ അപ്പീൽ കോടതിയാണ് ആഗസ്റ്റ് 16 ന് മൈഫെപ്രിസ്റ്റോണിന് നിയന്ത്രമേർപ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ചത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം അതിന്റെ അധികാര പരിധിക്ക് പുറത്തുകടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയ കോടതി, മരുന്ന് തപാല്‍ വഴിയടക്കം കൂടുതല്‍ പേർക്ക് ലഭ്യമാക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി.

റോ vs വെയ്‌ഡ് വിധിയെ അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനത്തിന് പിന്നാലെ കണ്‍സർവേറ്റീവ് ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പലതും ഗർഭച്ഛിദ്രം നിരോധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിയാണ് സർക്കാർ നയിക്കുന്ന ഈ നിയമപോരാട്ടത്തിന് പ്രധാന്യമേറുന്നത്.

അംഗീകരിക്കപ്പെട്ട അളവില്‍ ഉപയോഗിക്കുന്ന പക്ഷം, ഗുരുതരമായ സെെഡ് എഫക്ടുകള്‍ വിരളമായ മരുന്നാണ് മൈഫെപ്രിസ്റ്റോൺ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി യുഎസ് സോളിസിറ്റർ ജനറൽ എലിസബത്ത് പ്രെലോഗർ സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം, മൈഫെപ്രിസ്റ്റോണിന്റെ വിതരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നത്, അത് ഉപയോഗിക്കുന്നവരിലുണ്ടാക്കാവുന്ന സുരക്ഷാപ്രശ്നങ്ങള്‍ എഫ് ഡിഐ കണക്കിലെടുക്കുന്നില്ല എന്ന് അപ്പീല്‍ കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷനില്ലാതെ നേരിട്ട് മരുന്ന് വാങ്ങി ഉപയോഗിക്കുന്നതടക്കം അപ്പീല്‍ കോടതി പരാമർശിച്ച സുരക്ഷാപ്രശ്നങ്ങള്‍ സുപ്രീംകോടതിയിലും പരിഗണിക്കപ്പെടും.

അതേസമയം, കേസില്‍ വാദം കേള്‍ക്കണമോ എന്ന് സുപ്രീംകോടതി തീരുമാനിക്കുന്നതുവരെ, മാസങ്ങളോളം മൈഫെപ്രിസ്റ്റോൺ പൊതുജനത്തിന് ലഭ്യമാകും. യുഎസിലെ ഗർഭഛിദ്രങ്ങളില്‍ 50% ശതമാനത്തോളവും മൈഫെപ്രിസ്റ്റോണ്‍ അടക്കമുള്ള മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടാണ് നടക്കുന്നത്.

More Stories from this section

family-dental
witywide