
പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ കമാന്‍ഡര്‍, വൈറ്റ്ഹൗസിലെ സീക്രട്ട് സര്‍വ്വീസ് ഏജന്റിനെ ആക്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഗാര്‍ഡിനു നേരം നായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട രണ്ടു വയസ്സുള്ള നായയാണ് കമാന്‍ഡര്‍. ഇത് പതിനൊന്നാം തവണയാണ് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ കമാന്‍ഡര്‍ ആക്രമിക്കുന്നത്.
രാത്രി എട്ട് മണിയോടെയാണ് സീക്രട്ട് സര്‍വീസ് ഓഫീസറെ നായ ആക്രമിച്ചതെന്ന് സീക്രട്ട് സര്‍വീസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥന്‍ സുഖമായിരിക്കുന്നുവെന്നും നിലവില്‍ കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും തിരക്കും ബഹളവുമുള്ള വൈറ്റ്ഹൗസ് അന്തരീക്ഷമാണ് വളര്‍ത്തുനായ ആക്രമിക്കുന്നതിന്റെ പിന്നിലെ കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി നേരത്തെ പ്രതികരിച്ചിരുന്നു. ഡെലവെയറിലെ പ്രസിഡന്റിന്റെയും പ്രഥമ വനിതയുടെയും വീട്ടിലാണ് ഇതിനു മുന്‍പ് വളര്‍ത്തു നായ ഉദ്യോഗസ്ഥരെ കടിച്ച സംഭവങ്ങള്‍ നടന്നത്.
2021ലാണ് കമാന്‍ഡര്‍ വൈറ്റ് ഹൗസിലെത്തുന്നത്. ബൈഡന്റെ സഹോദരന്‍ ജെയിംസില്‍ നിന്നുള്ള സമ്മാനമായിരുന്നു കമാന്‍ഡര്‍. പിന്നീട് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെത്തുടര്‍ന്ന് കമാന്‍ഡറിനെ വൈറ്റ് ഹൗസില്‍ നിന്ന് മാറ്റുകയും ബൈഡന്റെ കുടുംബ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ കമാന്‍ഡറിന് കൂട്ടായി വില്ലോ എന്ന പൂച്ചയുമുണ്ട്.