
ജെറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നാണ് ഇസ്രയേലിലെത്തിയത്. ഇസ്രയേലിനുള്ള യുഎസിന്റെ പിന്തുണ ആവർത്തിച്ച ബൈഡൻ, ചൊവ്വാഴ്ച രാത്രി ഗാസയിലെ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ‘നിങ്ങളല്ല, അവരാണെന്ന് തോന്നുന്നു’ എന്നാണ് പ്രതികരിച്ചത്. ഹമാസിന് നേരെയാണ് പരോക്ഷമായി ബൈഡൻ വിരൽ ചൂണ്ടുന്നത്.
അതേസമയം, ആശുപത്രിയില്‍ മിസൈല്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇസ്രയേൽ നേരത്തേ പ്രതികരിച്ചിരുന്നു. പലസ്തീനിലെ ഇസ്ളാമിക് ജിഹാദ് തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ ആശുപത്രിയില്‍ പതിക്കുകയായിരുന്നുവെന്നും ഇസ്രയേല്‍ വിശദീകരിക്കുന്നു.
പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഒരു ശ്മശാനത്തിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ആശുപത്രിയുടെ കാർ പാർക്കിൽ പതിച്ചതായി തെളിവുകൾ കാണിക്കുന്നതായി ഐഡിഎഫ് പറയുന്നു.
500 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് ഹമാസും പലസ്തീൻ അധികൃതരും മറ്റ് രാജ്യങ്ങളും ഇസ്രയേലിനെയാമ് കുറ്റപ്പെടുത്തുന്നത്. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഗാസയിലുടനീളമുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നുണ്ട്. അതിനുശേഷം ഗാസയിൽ നിന്ന് തൊടുത്ത 450 മിസൈലുകളെങ്കിലും ഗാസ മുനമ്പിൽ പതിച്ചിട്ടുണ്ടെന്ന് ഐഡിഎഫ് പറയുന്നു.