ഇസ്രയേൽ-ഹമാസ് യുദ്ധം: ഗാസയിലെ ആശുപത്രികൾ സംരക്ഷിക്കപ്പെടണമെന്ന് ജോ ബൈഡൻ

വാഷിങ്ടൺ: ഗാസയിലെ ആശുപത്രികൾ സംരക്ഷിക്കപ്പെടണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലെ സുപ്രധാന ആശുപത്രിയായ അൽ ഷിഫയ്ക്ക് പുറത്ത് ടാങ്കറുകളുമായി ഇസ്രയേല്‍ സൈന്യം എത്തിയിരുന്നു. ഇസ്രയേല്‍ ഈ ആശുപത്രിയെ ലക്ഷ്യമിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈഡന്റെ പ്രതികരണം. ഇസ്രായേലിനെ ആശങ്കയറിയിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

“ആശുപത്രികളിൽ താരതമ്യേന നുഴഞ്ഞുകയറ്റ നടപടികൾ കുറവായിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഞങ്ങൾ ഇസ്രയേലികളുമായി സമ്പർക്കം പുലർത്തുന്നുണ്ട്,” ബൈഡൻ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“കൂടാതെ, തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യം ചെയ്യുന്നതിനായി ഈ നുഴഞ്ഞുകയറ്റങ്ങൾക്ക് താത്ക്കാലിക വിരാമമിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ആശുപത്രികൾ സംരക്ഷിക്കപ്പെടണം. എനിക്ക് ഒരുപരിധിവരെ പ്രതീക്ഷയുണ്ട്.” യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ശനിയാഴ്ച മുതൽ ഇസ്രയേൽ സേന വളഞ്ഞിരിക്കുന്ന ആശുപത്രിയിൽ നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള രോഗികളുടെ മരണ സംഖ്യ ഉയരുകയും അപടങ്ങളെ കുറിച്ച് വൈദ്യസംഘം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം.

വൈദ്യുതിയും ഇന്ധനവും തീർന്ന സാഹചര്യത്തിൽ ആശുപത്രികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ 32 രോഗികളാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖിദ്ര വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി കൊല്ലപ്പെട്ടവരില്‍ നവജാത ശിശുക്കളുമുണ്ടെന്ന് വക്താവ് പറയുന്നു. ആശുപത്രിയില്‍ ഇനിയും 650ഓളം രോഗികള്‍ ഉണ്ട്. ഇവരെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും അല്‍ ഖിദ്ര പറഞ്ഞു.