ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് മാനുഷിക സഹായം എത്തുമെന്ന് ജോ ബൈഡൻ

ടെൽ അവീവ്: ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് സഹായമെത്തിക്കാൻ ഈജിപ്ത് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഈജിപ്തിൽ നിന്നും കയറ്റിയയ്ക്കുന്ന സാധനങ്ങൾ പരിശോധനകൾക്ക് വിധേയമാകുമെന്നും ഹമാസ് തീവ്രവാദികൾക്കല്ല, പൗരന്മാര്‍ക്കാണ്‌ സഹായം നൽകേണ്ടതെന്നുമുള്ള ഉടമ്പടിയിലാണ് ഇസ്രയേൽ സമ്മതം മൂളിയതെന്നും ബൈഡൻ വ്യക്തമാക്കി.

“ഹമാസ് സഹായം വഴിതിരിച്ചുവിടുകയോ മോഷ്ടിക്കുകയോ ചെയ്താൽ, പലസ്തീൻ ജനതയുടെ ക്ഷേമത്തിൽ തങ്ങൾക്ക് ഒരു ആശങ്കയുമില്ലെന്ന് അവർ ഒരിക്കൽ കൂടി തെളിയിക്കും” ബൈഡൻ പറഞ്ഞു. ഹമാസ് അങ്ങനെ ചെയ്താൽ ഗാസയ്ക്ക് സഹായം നൽകാൻ പിന്നെ അന്താരാഷ്ട്ര സമൂഹം തയ്യാറാകില്ലെന്നും ബൈഡൻ വ്യക്തമാക്കി.

“ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും മാനുഷിക സഹായത്തിനായി 100 മില്യൺ ഡോളർ യുഎസ് ഫണ്ടിംഗും ഞാൻ പ്രഖ്യാപിക്കുന്നു. ഗാസയിലെ അടിയന്തര ആവശ്യങ്ങൾ ഉൾപ്പെടെ, സംഘർഷബാധിതരായ പലസ്തീനികളെ ഈ പണം പിന്തുണയ്ക്കും.”

100 മില്യൺ ഡോളർ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെയും വിവേചനാധികാര ഫണ്ടുകളിൽ നിന്നാണ് അനുവദിക്കുന്നതെന്നും ഇതിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും യുഎസ്എഐഡി വക്താവ് പറഞ്ഞു. യുണൈറ്റഡ് നേഷൻസ് വഴിയും സർക്കാരിതര സംഘടനകൾ വഴിയും മാനുഷിക സഹായം വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

പ്രസിഡന്റ് ബൈഡൻ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തിൽ, തെക്കൻ ഗാസ മുനമ്പിൽ സ്ഥിതി ചെയ്യുന്ന സാധാരണ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പെടെ ഈജിപ്തിൽ നിന്നുള്ള മാനുഷിക സഹായങ്ങൾ തങ്ങൾ തടയില്ലെന്ന് ഇസ്രയേൽ സർക്കാർ പറഞ്ഞു. ഈ സാധനങ്ങൾ ഹമാസിന്റെ കേന്ദ്രങ്ങളിൽ എത്തില്ലെന്നും ഹമാസിനു വേണ്ടി വരുന്ന എല്ലാ സഹായങ്ങളും തടയുമെന്നും ഇസ്രയേൽ വ്യക്തമാക്കി.

ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയവരെ സന്ദർശിക്കണമെന്ന് റെഡ് ക്രോസിനോട് ആവശ്യപ്പെടുന്നതായും തട്ടിക്കൊണ്ടുപോയവരെ തിരികെ വിട്ടുകിട്ടാത്തിടത്തോളം കാലം തങ്ങളുടെ പ്രദേശത്ത് നിന്ന് ഗാസ മുനമ്പിലേക്ക് ഒരു മാനുഷിക സഹായവും അനുവദിക്കില്ലെന്നും ഇസ്രായേൽ പറഞ്ഞു.

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് പ്രതികാരമായി അന്താരാഷ്ട്ര സഹായ സംഘടനകളിൽ നിന്നുള്ള സാധനങ്ങൾ റഫ അതിർത്തി കടന്ന് വരുന്നത് തടഞ്ഞുവച്ചിരിക്കുകയാണ് ഇസ്രയേൽ.

More Stories from this section

family-dental
witywide