വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ത്യ സന്ദർശിക്കും. സെപ്റ്റംബർ ഏഴുമുതൽ പത്തുവരെയാണ് സന്ദർശനം. സെപ്റ്റംബർ 9, 10 തിയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 നേതൃ ഉച്ചകോടിയിൽ പങ്കെടുക്കാൻ കൂടിയാണ് അദ്ദേഹം എത്തുന്നത്.
ഈ വർഷം ജൂണിൽ പ്രധാനമന്ത്രി മോദിയുടെ അമേരിക്ക സന്ദർശന വേളയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുന്ന കാര്യം ആലോചിക്കുന്നതായി ബൈഡൻ അറിയിച്ചിരുന്നു. സെപ്റ്റംബറിൽ ബൈഡൻ എത്തുന്ന വിവരം വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവനാണ് അറിയിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, ഊർജ മേഖല, യുക്രെയിൻ യുദ്ധത്തിനെത്തുടർന്നുള്ള സാമ്പത്തിക സാമൂഹിക ആഘാതങ്ങൾ കുറയ്‌ക്കുക, ദാരിദ്ര്യം തുടച്ചുനീക്കാൻ ലോകബാങ്ക് അടക്കമുള്ള ബഹുരാഷ്‌ട്ര വികസന ബാങ്കുകളുടെ ശേഷി കൂട്ടുക ഇവയെല്ലാം ജി20 ഉച്ചകോടിയുടെ ലക്ഷ്യമാണ്. ഇക്കാര്യങ്ങൾ ബൈഡൻ സഹരാജ്യങ്ങളുമായി ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നരേന്ദ്ര മോദിയുടെ ജി20 നേതൃത്വത്തിന് അമേരിക്കൻ പ്രസിഡന്റ് ആശംസയർപ്പിക്കും.
രാജ്യത്ത് ഏറ്റവുമധികം ലോകനേതാക്കൾ എത്തുന്ന വേളയാകും ജി20 നേതൃ ഉച്ചകോടിയെന്നാണ് കരുതുന്നത്. 2022 ഡിസംബർ ഒന്നുമുതൽ ജി20ന്‍റെ അധ്യക്ഷസ്ഥാനം ഇന്ത്യക്കാണ്.