വാഷിങ്ടൺ: വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അമേരിക്ക ഒരുങ്ങുമ്പോൾ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ പ്രായത്തെക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും ശാരീരിക ക്ഷമതയെക്കുറിച്ചുമുള്ള വാർത്തകളെല്ലാം മാധ്യമങ്ങളിൽ നിറയുന്നുണ്ട്. എന്നാൽ ഇതൊന്നും ബൈഡന്റ് ആത്മവിശ്വാസത്തെ ബാധിക്കുന്നില്ല. അടുത്ത തിരഞ്ഞെടുപ്പും വിജയിച്ച് രണ്ടാം തവണയും താൻ തന്നെ യുഎസ് പ്രസിഡന്റാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജോ ബൈഡൻ.
രണ്ടാമൂഴത്തിന് വേണ്ടിയുള്ള പ്രചരണം വളരെ ചെലവു ചുരുക്കിയാണ് ബൈഡൻ നടത്തുന്നത്. പ്രചരണത്തിനായി വളരെ കുറച്ച് പേരുള്ള ടീമിനെയാണ് ബൈഡൻ നിയോഗിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വേനൽകാലത്ത് പ്രസിഡന്റ് ചെലവഴിച്ചത് വിദേശത്താണ്. അതിനുശേഷം ഓഗസ്റ്റിൽ അവധിക്കാലമെന്ന് രീതിയിലായിരുന്ന ചെലവഴിച്ചത്.
പരമ്പരാഗതമായി സന്ദർശിക്കുന്ന അയോവ സ്റ്റേറ്റ് ഫെയറിൽ നിന്ന് ഇക്കുറി ഒഴിഞ്ഞു നിന്നു. അയോവ പ്രൈമറികൾ ആദ്യം നടത്തുന്നത് മാറ്റി ഈ അവസരം പ്രസിഡന്റ് ഇടപെട്ട് സൗത്ത് കാരോലൈനയ്ക്കു നൽകിയതിന്റെ പ്രതിഷേധം നേരിടാനാവാതെയാവാം അയോവ സന്ദർശനം ഒഴിവാക്കിയത്. നെവാഡ, കൊളറാഡോ, മോണ്ടാന എന്നിവിടങ്ങളിൽ പ്രചരണം നടത്തുന്നതിനു പകരം നോർതേൺ അരിസോനയിൽ പോയി ഗ്രാന്റ് ക്യാനിയണെ ലോകത്തിലെ 9 അത്ഭുതങ്ങളിൽ ഒന്നായി പ്രഖ്യാപിക്കുവാൻ സമയം കണ്ടെത്തി. എന്നാൽ ഇത് അരിസോനയിൽ ബൈഡന്റെ അടിത്തറ വികസിപ്പിക്കുവാൻ സഹായിക്കും എന്ന് നിരീക്ഷകർ കരുതുന്നില്ല. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായാണ് അനുയായികൾ ഈ സന്ദർശനങ്ങളെ കണ്ടത്.