
ബാബു പി സൈമണ്‍
ഡാളസ്: സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഡാളസ് ആതിഥേയത്വം വഹിക്കുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് (സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഡയോസിസ് ഓഫ് ഷിക്കാഗോ) മുഖ്യ അതിഥി ആയിരിക്കും. നാല്പത്തി അഞ്ചാമത് സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (5130 Locust Grove Rd, Garland, TX) ഡിസംബര്‍ 2ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കും.
ഇരുപത്തി ഒന്ന് ഇടവകകള്‍ അംഗങ്ങള്‍ ആയിരിക്കുന്ന ഡാളസ്സിലെ ഏറ്റവും വലിയ ക്രൈസ്തവ സംഘടനയാണ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്. അംഗങ്ങള്‍ ആയിരിക്കുന്ന ഇടവകയിലെ പട്ടക്കാരും ഒരേ ഇടവകയിലെയും കൈസ്ഥാന സമിതി അംഗങ്ങളും ആണ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന് നേതൃത്വം നല്‍കുന്നത്. സംയുക്ത യുവജന സമ്മേളനവും കണ്‍വെന്‍ഷനുകളും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും കെഇസിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. കമ്മിറ്റി ചുമതലപ്പെടുത്തുന്ന ഇടവകകള്‍ ആയിരിക്കും ഓരോ വര്‍ഷവും കെഇസിഎഫിന്റെ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
2023ഇല്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക ആയിരുന്നു സംയുക്ത കണ്‍വെന്‍ഷനുകള്‍ക്കും യുവജന സമ്മേളനത്തിനും നേതൃത്വം നല്‍കിയത്. സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഷൈജു സി ജോയ് അധ്യക്ഷത വഹിക്കുന്ന കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
ഇടവകയുടെ വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്ത്, സെക്രട്ടറി ഡോ. തോമസ് മാത്യു, ട്രസ്റ്റീസ് വിന്‍സന്റ് ജോണിക്കുട്ടി, എബ്രഹാം കോശി, ആത്മായര്‍ ഫില്‍ മാത്യു, ജോതം ബി സൈമണ്‍, പ്രോഗ്രാം കോഡിനേറ്റര്‍ എഡിസണ്‍ കെ ജോണ്‍ എന്നിവരും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ആഘോഷങ്ങളുടെ തല്‍സമയ പ്രക്ഷേപണം www.Keral.tv, www.kecfdallas.org, Face book KECFDallas, എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ലഭ്യമാണെന്ന് ചുമതലക്കാര്‍ അറിയിച്ചു. ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സഹകരണം റവ. ഷൈജു സി ജോയ് അഭ്യര്‍ത്ഥിച്ചു.