
ന്യൂഡല്‍ഹി: ബിജെപിക്ക് അരവിന്ദ് കെജ്‌രിവാളിനെ പേടിയാണെന്ന് എഎപി നേതാക്കള്‍. മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് എഎപി നേതാക്കള്‍ രംഗത്തെത്തിയത്. അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നവംബര്‍ രണ്ടിന് ഇ.ഡിയുടെ ഡല്‍ഹി ഓഫിസില്‍ ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇഡിക്ക് മുന്‍പില്‍ ഹാജരാകുമ്പോള്‍ ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടത്തുന്നതെന്നും എഎപി നേതാക്കള്‍ ആരോപിച്ചു. കെജ്‌രിവാളിനെതിരെ കേസോ, തെളിവുകളോ ഇല്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് മോദി അദ്ദേഹത്തെ ഭയക്കുന്നതു കൊണ്ട് മാത്രമാണ്. കെജ്‌രിവാളിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപിക്കും കേന്ദ്രത്തിനും അറിയാമെന്നും എഎപി നേതാക്കള്‍ ആരോപിച്ചു. ആം ആദ്മി തകരണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ട് മാത്രമാണ് മുതിര്‍ന്ന നേതാക്കളെയെല്ലാം അവര്‍ കള്ളക്കേസില്‍ കുടുക്കുന്നതെന്നും എഎപി നേതാക്കള്‍ വിമര്‍ശിച്ചു.
ബിജെപിക്കെതിരെ സംസാരിക്കുന്നവരെ സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് അവര്‍ നേരിടും. ഇത് കെജ്‌രിവാളില്‍ മാത്രം അവസാനിക്കില്ലെന്നും എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി സിംഗ് പറഞ്ഞു. ഇന്ത്യ മുന്നണിയിലെ എല്ലാ നേതാക്കളേയും അവര്‍ ലക്ഷ്യമിടും. ബിഹാറിലും കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി പരാജയം നേരിട്ടു. അതുകൊണ്ട് തന്നെ തേജസ്വി യാദവും പിണറായി വിജയനും എംകെ സ്റ്റാലിനും ജയിലില്‍ പോകേണ്ടി വരുമെന്നും അതിഷി സിംഗ് ആരോപിച്ചു.
അരവിന്ദ് കെജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നില്‍ ആംആദ്മി പാര്‍ട്ടിയെ രാഷ്ട്രീയമായി ഒതുക്കാനുള്ള തന്ത്രം മാത്രമാണെന്ന് ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ചതിനെതിരെയും സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവ് ഞെട്ടലുണ്ടാക്കിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ എന്താണ് പിന്നീടുള്ള നടപടിയെന്ന് ചോദ്യത്തിന് അതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതായി അറിവില്ലെന്നായിരുന്നു സൗരഭ് ഭരദ്വാജ് പറഞ്ഞത്. അതിനെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കേജ്രിവാള്‍ ഞങ്ങളുടെ നേതാവാണ്, ഞങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്’ എന്നും മന്ത്രി പറഞ്ഞു. കേജ്രിവാളിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടിക്ക് പ്ലാന്‍ ബി ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.














